ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെടാനാകില്ലെന്ന് ആന്റണി ബ്ലിങ്കന്‍; മരിച്ചവരുടെ എണ്ണം പതിനായിരത്തിലേക്ക്

Jaihind Webdesk
Sunday, November 5, 2023


ഇസ്രയേലിനോട് ഇപ്പോള്‍ വെടിനിര്‍ത്തലിന് ആവശ്യപ്പെടാനാകില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. വെടിനിര്‍ത്തലുണ്ടായാല്‍ അത് ഹമാസിന് സംഘടിക്കാനും വീണ്ടും ആക്രമണങ്ങള്‍ക്ക് സഹായകരമാകുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. ജോര്‍ദാന്‍, ഈജിപ്ത് വിദേശകാര്യമന്ത്രിമാരുമായും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായുമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബ്ലിങ്കന്റെ പ്രസ്താവന. അതേസമയം, ഗാസയിലെ യു.എന്‍ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 15പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് വ്യക്തമാക്കി. ജബലിയെ അഭയാര്‍ഥി ക്യാപിലെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഹമാസ് തലവന്‍ യഹ്യ സിന്‍വാറിനെ കണ്ടെത്തി കൊല്ലുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗ്യാലന്റ് പറഞ്ഞു. ഇസ്രയേല്‍ സൈനിക മേധാവി ഗാസയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയും ഇസ്രയേലും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. ഗാസയടക്കം പലസ്തീന്‍ പ്രദേശത്ത് മരിച്ചവരുടെ എണ്ണം 9,448ആയി.