EXCLUSIVE: കെ.ടി. ജലീലിന്റെ വകുപ്പില്‍ വീണ്ടും ബന്ധുനിയമനത്തിന് കളമൊരുങ്ങുന്നു; വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തുകൊണ്ടുവരാന്‍ നീക്കം; സി.പി.എം നേതാവ് എം.എം. ലോറസിന്റെ കൊച്ചുമകന്‍ ജോസ്‌മോനെയാണ് ധനകാര്യവികസന കോര്‍പ്പറേഷനില്‍ എം.ഡിയായി നിയമിക്കാനൊരുങ്ങുന്നത്

Saturday, February 16, 2019

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ വകുപ്പില്‍ വീണ്ടും ബന്ധുനിയമന നീക്കം. ധനകാര്യ കോര്‍പ്പറേഷനില്‍ സി.പി.എം. നേതാവ് ലോറന്‍സിന്റെ കൊച്ചു മകന്‍ ജോസ് മോനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കാനാണ് നീക്കം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടനെ ഫോറസ്റ്റ്‌ ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോസ് മോനെ എം.ഡിയായി നിയമിച്ചിരുന്നു. എന്നാല്‍, വിജിലന്‍സ് ക്ലിയറന്‍സ് ഹാജരാക്കാത്തതിനാല്‍ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. വിജിലന്‍സ് അന്വേഷണം നേരിട്ടിരുന്നു. നിലവില്‍ കെ.എസ്.ഐ.ഇ ജനറല്‍ മാനേജറാണ് ജോസ് മോന്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ മന്ത്രിസഭായോഗ തീരുമാനങ്ങളെ കാറ്റില്‍ പറത്തിയാണ് ജോസ്‌മോന്റെ നിയമനത്തിന് നീക്കം നടക്കുന്നത്. ദേശീയതലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയുടെ ശിപാര്‍ശകളും നിയമനത്തിന് ബാധമാക്കിയിരുന്നു. എന്നാല്‍ ഇതും പാലിക്കപ്പെട്ടിരുന്നില്ല.

ഇന്റര്‍വ്യൂ , പത്രപരസ്യം, വിദഗ്ത സമിതിയുടെ ശുപാര്‍ശ എന്നിവ ഒന്നും ഇല്ലാതെയാണ് ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടര്‍ തസ്തികയില്‍ പിന്‍വാതില്‍ നിയമനത്തിനായി മന്ത്രി കെ.ടി.ജലീലിന്റെ നിര്‍ദ്ദേശം പ്രകാരം പ്രൈവറ്റ് സെക്രട്ടറി കുറിപ്പ് ഇറക്കിയത്. ജോസ് മോന് നിലവില്‍ ഡിഗ്രി യോഗ്യത മാത്രമാണ് ഉള്ളത്. വിദൂര വിദ്യാഭ്യാസം വഴി സമ്പാത്തിച്ച എം.ബി.എ. യോഗ്യതയുടെ തുല്ല്യത അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടെല്ലന്നാണ് അറിയുന്നത്. കെ.എസ്.ഐ.ഇ യില്‍ ജനറല്‍ മാനേജര്‍ ആണ് ജോസ് മോന്‍. ഈ സര്‍ക്കാര്‍ ആദ്യം എഫ്.ഐ.ടി. ആലുവയിലെ നിയമനം വിജിലന്‍സ് ക്ലിയറന്‍സ് ഹാജരാക്കാത്തതിനാല്‍ 2017ല്‍ മാതൃ സ്ഥാപനത്തിലേക്ക് തിരിച്ച് അയച്ചിരുന്നു. സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശ സഹിതമാണ് മന്ത്രി കെ.ടി. ജലീല്‍ നേരിട്ട് അപേക്ഷ നല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കെ.ടി.ജലീല്‍ എം.ഡി. നിയമന ഉത്തരവ് ഇറക്കാന്‍ അനുമതി തേടി പ്രൈവറ്റ് സെക്രട്ടറി വ്യവസായ മന്ത്രിക്ക് കുറിപ്പ് നല്‍കി. വ്യവസായ വകുപ്പിന്റെ കീഴിലുള്ള കളമശേരിയിലുള്ള കെ.എസ്.ഐ.ഇ. എന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ പോസ്റ്റില്‍ നിന്നും വിടുതലിനു അനുമതിക്കായാണ് മന്ത്രി ഇ.പി. ജയരാജന് കുറിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ ധനകാര്യ കോര്‍പ്പറേഷന്‍ എം.ഡിയായ അക്ബര്‍ ഒഴിയുന്ന സ്ഥാനത്തേക്കാണ് നിയമന നീക്കം നടക്കുന്നത്.

വിജിലന്‍സ് ക്ലിയറന്‍സ് ഹാജരാക്കത്തതിനാല്‍ ജോസ്‌മോനേ എഫ്.ഐ.ടിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്..