കടലില്‍ വീണ്ടും വന്‍ ലഹരി വേട്ട; 2500 കിലോയോളം പിടികൂടി

Jaihind News Bureau
Wednesday, April 2, 2025

കോടികളുടെ ലഹരി കണ്ടെത്തി. 2386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനുമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വന്‍തോതില്‍ ലഹരിയെത്തിക്കാന്‍ കടത്തുകാര്‍ ഉപയോഗിക്കുന്നത് കടല്‍മാര്‍ഗമാണ്. ഇത് കണക്കിലെടുത്താണ് കപ്പലുകള്‍ അടക്കം യാനങ്ങള്‍ക്ക് നാവികസേന കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ അടക്കം ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍കാഷ് ആണ് ലഹരിസംഘത്തെ സാഹസികമായി കുടുക്കിയത്. ഞായറാഴ്ച പട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ട ചില ബോട്ടുകള്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് കോടികളുടെ ലഹരി കണ്ടെത്താന്‍ സാധിച്ചത്.

ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഹരികടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേവല്‍ കമാന്‍ഡോകള്‍ തടഞ്ഞുവെച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകള്‍ക്കിടെയാണ് ബോട്ടിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.