അനിതാ പുല്ലയില്‍ വിവാദം: ചീഫ് മാർഷല്‍ റിപ്പോർട്ട് കൈമാറി; തുടർ നടപടി സ്പീക്കർ തീരുമാനിക്കും

Jaihind Webdesk
Thursday, June 23, 2022

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍
നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച സംഭവവത്തില്‍ ചീഫ് മാര്‍ഷലിന്‍റെ റിപ്പോര്‍ട്ട് നിയമസഭാ സ്പീക്കര്‍ക്ക് കൈമാറി. വിഷയത്തില്‍ ഇനി തുടര്‍ നടപടി സ്പീക്കര്‍ സ്വീകരിക്കും.

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഇടനിലക്കാരിയായ അനിതാ പുല്ലയില്‍ ലോക കേരള സഭ സമ്മേളനത്തില്‍ പങ്കെടുത്തത് സര്‍ക്കാരിന് തലവേദനയായതോടെയാണ് സ്പീക്കര്‍ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സ്പീക്കര്‍ തീരുമാനിക്കും.

ലോക കേരള സഭ നടക്കുമ്പോള്‍ നിയമസഭാ സമുച്ചയത്തിനകത്തേക്ക് പ്രവേശിക്കാന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും അനിതാ എങ്ങനെ സഭയില്‍ എത്തി എന്ന ചോദ്യം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. പാസ് പോലും ഇല്ലാതൊരു വ്യക്തി എങ്ങനെ അകത്ത് കയറിയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അനിതയ്ക്ക് ക്ഷണം ഉണ്ടായിരുന്നില്ല എന്നത് മാത്രമാണ് നോര്‍ക്കയ്ക്കും പറയാനുണ്ടായിരുന്നത്.

അതേസമയം സഭാ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്ന കമ്പനി പ്രതിനിധിയുടെ സഹായത്തോടെയാണ് അനിത നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ചതെന്നാണ് നിലവിലെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാനുള്ള ശുപാര്‍ശകള്‍ ഉയരുന്നുണ്ട്. നിയമസഭാ സമ്മേളനം ചേരാനിരിക്കെ വിഷയം പ്രതിപക്ഷം സഭയ്ക്കുള്ളില്‍ ഉന്നയിക്കാനാണ് സാധ്യത.