ബിനീഷിനോട് മാപ്പ്; ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ

Jaihind Webdesk
Friday, November 1, 2019

നടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ചു എന്ന വിഷയത്തിൽ വിശദീകരണവുമായി സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. ബിനീഷ് എന്നല്ല ഒരു നടനോടും താൻ മോശമായി പെരുമാറിയിട്ടില്ല. ബിനീഷിനെ അപമാനിച്ചിട്ടില്ല. ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ ഖേദിക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ വ്യക്തമാക്കി.

പാലക്കാട് മെഡിക്കൽ കോളജിലെ പരിപാടി നടക്കുന്നതിന്റെ തലേ ദിവസമാണ് തന്നെ മാഗസിൻ പ്രകാശനത്തിന് എത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടി ഫോണിൽ വിളിച്ചത്. ആദ്യം എത്താൻ കഴിയില്ലെന്ന് പറഞ്ഞു. ഇന്ത്യയിൽ 80 ശതമാനത്തോളം സംവരണം ഉള്ള രണ്ടു കോളജുകളിൽ ഒന്ന് പാലക്കാട് മെഡിക്കൽ കോളേജാണ്. അതിനാൽ ആ കോളജ് കാണണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു.

പിന്നീട്, പ്രിൻസിപ്പലിന്റെ ഒരു കത്ത് സഹിതം ഒരു ഫാക്കൽറ്റിയും ഒരു തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ മെമ്പറും തന്നെ വീട്ടിൽ വന്ന് കാണണമെന്ന് ഫോണിൽ വിളിച്ച കുട്ടിയോട് പറഞ്ഞിരുന്നെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞു. തുടർന്ന് അവർ വീട്ടിലെത്തി തന്നെ പരിപാടിക്ക് ക്ഷണിച്ചു. ഇവർ എത്തിയപ്പോൾ തന്നെ വേറെ അതിഥികൾ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ, അവസാന നിമിഷമായത് കൊണ്ട് വേറെ അതിഥികൾ ആരും ഇല്ല എന്ന് കോളജിൽനിന്നെത്തിയവർ പറഞ്ഞിരുന്നു എന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞു. അടുത്ത ദിവസം 11 മണിക്ക് കോളജ് പ്രതിനിധികൾ ഫോണിൽ വിളിച്ചിട്ട് ബിനീഷ് ബാസ്റ്റിൻ കൂടി ഗസ്റ്റായി വരുന്നുണ്ട് എന്ന് അറിയിച്ചു.

ബിനീഷിനെ അറിയുമോ എന്ന് ചോദിച്ചപ്പോൾ നന്നായി അറിയാം എന്ന് മറുപടി നൽകി. എങ്കിൽ താൻ വരുന്നില്ല എന്ന് അപ്പോൾ തന്നെ അറിയിച്ചു. ആദ്യമേ മറ്റൊരു ഗസ്റ്റില്ല എന്ന് കോളജ് പ്രതിനിധികൾ അറിയിച്ചത് കൊണ്ടാണ് താൻ വരാൻ തയ്യാറായതെന്ന് അവരെ ബോധ്യപ്പെടുത്തിയെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ കൂട്ടിച്ചേർത്തു. ബിനീഷ് എന്നല്ല മറ്റാരായാലും അവരോടൊപ്പം വേദി പങ്കിടില്ല എന്നാണ് തന്റെ നിലപാട് എന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ അൽപസമയത്തിനകം അവർ വിളിച്ചിട്ട് ബിനീഷിന്റെ പരിപാടി റദ്ദാക്കി എന്ന് അറിയിച്ചതിനെ തുടർന്നാണ് താൻ കോളജിൽ എത്തിയതെന്ന് സംവിധായകൻ വ്യക്തമാക്കി. അങ്ങനെ താൻ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് ബിനീഷ് കടന്നു വരുന്നത്. ബിനീഷിന് വേണ്ടി കൈയ്യടിക്കാൻ താൻ സദസിനോട് ആവശ്യപ്പെട്ടു. സദസിലുണ്ടായിരുന്ന വിദ്യാർഥികൾ അപ്പോൾ കയ്യടിച്ചെന്നും ഈ ദൃശ്യങ്ങൾ എല്ലാം വീഡിയോയിൽ വ്യക്തമായി കാണാമെന്നും സംവിധായകൻ പറഞ്ഞു.

ബിനീഷ് സംസാരിച്ചു തുടങ്ങിയപ്പോൾ താൻ പുറത്തേക്കിറങ്ങിയെന്നും പിന്നീട് ബിനീഷ് ഇറങ്ങിയ ശേഷം മടങ്ങിയെത്തി ചടങ്ങ് പൂർത്തീകരിച്ചെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞു. ഇതിൽ ജാതീയമായ അധിക്ഷേപം ഉണ്ടായിട്ടില്ല. താൻ വേദി വിട്ടത് ബിനീഷ് കംഫർട്ടബിൾ ആയിക്കോട്ടെ എന്ന് വിചാരിച്ചാണെന്നും സംവിധായകൻ പറഞ്ഞു. മറ്റൊരാളുടെ ലൈംലൈറ്റിൽ തനിക്ക് നിൽക്കാൻ താത്പര്യമില്ലെന്ന എന്ന തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സംവിധായകൻ പറഞ്ഞു.

തന്റെ സിനിമയിൽ ചാൻസ് ചോദിച്ചു നടക്കുന്ന ആളിനൊപ്പം വേദി പങ്കിടാനില്ല എന്ന് താൻ പറഞ്ഞതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. അങ്ങനെ ഒരു സംഭാവമുണ്ടായതിൽ ഖേദിക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും അനിൽ വ്യക്തമാക്കി. ഫെഫ്‌ക സംഭവത്തിൽ തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് കൃത്യമായ മറുപടി നൽകുമെന്നും സംവിധായകൻ പറഞ്ഞു.