നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു

Jaihind News Bureau
Friday, December 25, 2020

ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. തൊടുപുഴ മലങ്കര ജലാശയത്തിലായിരുന്നു അപകടം.

അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സമീപകാല ഹിറ്റുകളായിരുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാവാട, കമ്മട്ടിപ്പാടം തുടങ്ങിയവയിൽ ശ്രദ്ധേയവേഷം ചെയ്തിരുന്നു.

ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിലാണ് മുങ്ങി മരിച്ചത്. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം എത്തി അനിലിനെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിൽ ഗംഭീര പ്രകടനം നടത്തി അനിൽ നിരൂപക പ്രശംസ നേടിയിരുന്നു. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് മണിക്കൂറുകൾ മുൻപ് അനിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.