സ്വപ്നയും റമീസും മെഡിക്കൽ കോളേജിൽ ; പ്രവേശനം ആസൂത്രണം ചെയ്തത് എ.സി മൊയ്തീനെന്ന് അനിൽ അക്കര

Jaihind News Bureau
Monday, September 14, 2020

 

തൃശൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി. റമീസിനെയും ഒരുമിച്ച് മെഡിക്കൽ കോളേജിൽ പ്രവേശനം ആസൂത്രണം ചെയ്തത് മന്ത്രി എ സി മൊയ്തീനാണെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചു. സ്വപ്ന സുരേഷ് ഒരു നഴ്സിന്‍റെ ഫോണിൽ നിന്ന് ആരെയോ വിളിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് വിയ്യൂർ അതിസുരക്ഷാ ജയിൽ സൂപ്രണ്ട് തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് വിവരങ്ങൾ ആരാഞ്ഞിരുന്നു. നിലവിൽ സ്വപ്നക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. എന്നാൽ തുടർച്ചയായി നെഞ്ച് വേദനയുണ്ടെന്ന് പറയുന്നതിനാൽ നാളെ ആഞ്ചിയോഗ്രാം പരിശോധന നടത്തും. അതേസമയം വിയ്യൂർ ജയിലിൽ കഴിയുന്ന മറ്റൊരു പ്രതിയായ കെ.ടി. റമീസിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.

അതിനിടെ സ്വപ്നയെയും, റമീസിനെയും ഒരുമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചു. മൊഴികളിലെ വൈരുധ്യം ഒഴിവാക്കാൻ ഇരുവർക്കും ആശയ വിനിമയത്തിന് സൗകര്യം ഒരുക്കി. മന്ത്രി എ.സി മൊയ്തീനൊപ്പം ജില്ലാ കളക്ടറും മെഡിക്കൽ കോളേജ് സൂപ്രണ്ടും ഈ ഗൂഡാലോചനയിൽ പങ്കാളികളാണെന്നും അനിൽ അക്കര ആരോപിച്ചു.