ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കിഴക്കമ്പലത്ത് അരാജകത്വം ; സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കൂട്ട മരണങ്ങളുണ്ടാവുമെന്ന് മുന്നറിയിപ്പ്

Jaihind Webdesk
Tuesday, May 11, 2021

 

ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തികഞ്ഞ അനാസ്ഥയെന്ന് പരാതി. കൊവിഡ് ബാധിച്ച് വീടിന് സമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന യുവാവ് മരണത്തിന് കീഴടങ്ങിയ സംഭവമുണ്ടായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

കിറ്റക്സ് വ്യവസായ ഗ്രൂപ്പിന് കീഴില്‍  രൂപീകരിച്ച ട്വന്‍റി ട്വന്‍റിയാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. തികഞ്ഞ അരാജകത്വമാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്. കിറ്റക്സ് എംഡി സാബു ജേക്കബിന്‍റെ ഏകാധിപത്യമാണ് പഞ്ചായത്തില്‍ നിലനില്‍ക്കുന്നതെന്നാണ് ആക്ഷേപം. ഇയാളുടെ ഉത്തരവുണ്ടെങ്കില്‍ മാത്രമേ എന്തു തീരുമാനവും നടപ്പാകൂ എന്നതാണ് സ്ഥിതി. എന്നാല്‍ സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ കുടുംബസമേതം അമേരിക്കയിലേക്ക് പോയി. അതേസമയം ആശാ വർക്കർ കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സ്വന്തം വാർഡായിട്ടുപോലും കൊവിഡ് പ്രതിരോധത്തില്‍ തികഞ്ഞ പരാജയമാവുകയാണ് ഇവിടം.

ഗുരുതര കൊവിഡ് സാഹചര്യമാണ് കിഴക്കമ്പലത്ത് നിലനില്‍ക്കുന്നതെന്നാണ് വിവരം. പക്ഷേ പ്രതിരോധത്തിനോ ചികിത്സ ലഭ്യമാക്കുന്നതിനോ കൃത്യമായ ഒരു സംവിധാനവും ഇവിടെയില്ല. ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റർ പോലും ഇവിടെയില്ല. കൊവിഡ് പ്രൊട്ടോക്കോള്‍ കാറ്റില്‍ പറത്തുന്ന രീതി തുടരുകയാണെങ്കില്‍ ഇവിടെ കൂട്ടമരണങ്ങളാവും ഉണ്ടാവുകയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യമുയരുന്നു.

 

ധന്യാ രാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

 

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തിരമായി 20-20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ അവസ്ഥയിലേക്ക് ഇടപെടണം. തൊഴുത്തിൽ കിടന്നു ഒരു പട്ടികജാതി വിഭാഗത്തിലെ 36 വയസ്സ് മാത്രമുള്ള സഹോദരൻ മരിച്ചിട്ടുണ്ട്. Kitex സാബു ജേക്കബ് ഏകാധിപത്യം തുടരുന്നതല്ല ഞങ്ങളുടെ വിഷയം അയാളുടെ ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ അവിടെ ഒരു തീരുമാനം നടപ്പിലാവൂ. അദ്ദേഹം ആകട്ടെ കുടുംബമാകെ സെക്കന്റ്‌ ലോക്ക് ഡൌൺ നു മുൻപേ അമേരിക്കയിലേക്ക് പോയി. ഇപ്പോഴും FLTC തുടങ്ങാത്ത പഞ്ചായത്തിൻ്റെ അവസ്ഥ അംഗീകരിക്കാൻ പറ്റില്ല. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാർഡ്. പ്രസിഡൻറ് തന്നെ ആശാ പ്രവർത്തക.
MLA Sreenijin Pv

അവിടെ എന്നും പോകുന്നുണ്ട്. പക്ഷേ മനുഷ്യരോട് സഹകരിക്കരുത് എന്ന ഉത്തരവാണ് കിട്ടിയിരിക്കുന്നത്. Sreenijan എന്ത് സഹായം നൽകാനും തയ്യാറാണ് പക്ഷേ ഇനിയും സഹകരിച്ചില്ലെങ്കിൽ കൂടുതൽ മരണം സംഭവിക്കും. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഇല്ലെങ്കിൽ ഇനിയും ഇതുവരെ കാണാത്ത കൂട്ട മരണം കാണേണ്ടി വരും.