നസീര്‍ വധശ്രമക്കേസിൽ എ.എന്‍.ഷംസീറിന് കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം

Jaihind Webdesk
Monday, July 1, 2019

Shamseer-Naseer

സിഒടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയെ ചോദ്യംചെയ്യും. മൂന്നാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സിഐ വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എംഎല്‍എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

അണികള്‍ക്ക് വിരോധമുണ്ടായതിനെ തുടര്‍ന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി രാഗേഷ് മൊഴി നല്‍കിയിട്ടുണ്ട്.  എ.എന്‍.ഷംസീര്‍ എംഎല്‍എയുമായി രാഗേഷ് ഫോണില്‍ സംസാരിച്ചതിന് തെളിവുണ്ട്.  പക്ഷേ സി.ഒ.ടി നസീറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ സി.ഐ വി.കെ.വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. നസീര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്പീക്കറെ ഇക്കാര്യം അറിയിച്ചതിന് ശേഷം എത്രയും പെട്ടെന്ന് നോട്ടീസ് നല്‍കും. പൊട്ടിയന്‍ സന്തോഷും രാഗേഷും ഗൂഢാലോചന നടത്തിയ വാഹനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഈ വാഹനം എ.എന്‍. ഷംസീറിന്‍റെതാണ് എന്നാണ് സി.ഒ.ടി നസീര്‍ ആരോപിക്കുന്നത്. അതില്‍ തെളിവു ലഭിച്ചാല്‍ കേസിന്‍റെ ഗതി മാറും. ആവശ്യമെങ്കില്‍ അറസ്റ്റിലായവരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും. നിലവില്‍ ഉന്നത ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. കേസില്‍ പിടികിട്ടാനുള്ള കൊളശേരി സ്വദേശി മിഥുനിനായി അന്വേഷണം ഊര്‍ജിതമാക്കി.