കൊവിഡ് കാലത്തും ധൂര്‍ത്ത് തുടര്‍ന്ന് സര്‍ക്കാര്‍; ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ടി.വിക്കും മ്യൂസിക് സിസ്റ്റത്തിനുമായി അനുവദിച്ചത് 2,89000 രൂപ

Jaihind News Bureau
Monday, April 13, 2020

തിരുവനന്തപുരം: കൊവിഡ് 19നെ തുടര്‍ന്ന് പൊതുജനം മുണ്ട് മുറുക്കി ഉടുക്കണമെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടത്തുന്ന ധൂര്‍ത്തിന് ഒരു കുറവുമില്ല. ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ  ഓഫീസ് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി 2,89000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബജറ്റ് തുകയില്‍ നിന്നും അധികമായാണ് ഈ തുക നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫീസ് ലോഞ്ചില്‍ 72 ഇഞ്ച് എല്‍ഇഡി ടി.വിയും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുനതിനിടെ ചീഫ് സെക്രട്ടറിയുടെ ഓഫീസിന് അടിയന്തരമായി എല്‍ഇഡി ടിവി സ്ഥാപിക്കുന്നത് എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം.  നേരത്തെ സെക്രട്ടേറിയേറ്റിലെ കൊവിഡ് കൊവിഡ് വാര്‍റൂമിലെ വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ക്ക് ഭക്ഷണത്തിനായി ഒരു ലക്ഷം രൂപ അനുവദിച്ചതും വിവാദമായിരുന്നു. ഇങ്ങനെ തുടര്‍ച്ചയായി അനാവശ്യ ധൂര്‍ത്തുകളും ആഡംബരവും കൊവിഡ് കാലത്തും സര്‍ക്കാര്‍ തുടരുകയാണ്. സാലറി ചലഞ്ച് ഉള്‍പ്പെടെ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും മറുവശത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ധൂര്‍ത്ത് തുടരുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും പ്രതിഷേധമുയരുന്നുണ്ട്.