സിസ്റ്റര്‍ അമല കൊലക്കേസ് കോടതി വിധി പറയാന്‍ നാളത്തേക്ക് മാറ്റി

Jaihind Webdesk
Thursday, December 20, 2018

 

കോട്ടയം:  സിസ്റ്റര്‍ അമല കൊലക്കേസ് കോടതി വിധി പറയാന്‍ നാളത്തേക്ക് മാറ്റി. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. സിസ്റ്റര്‍ അമല കൊലക്കേസില്‍ പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അവസാന വാദംകേട്ട കോടതി വിധിപറയാന്‍ നാളത്തേക്ക് മാറ്റി. അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലാത്ത കേസ് ആയതിനാല്‍ പ്രതിക്ക് ആജീവനാന്ത തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

പ്രതിയുടെ പ്രായവും കുടുംബത്തിലെ ഏക ആശ്രയം ആണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വാദിച്ചത്. ഒരു വര്‍ഷം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് പ്രതി സതീഷ് ബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 87 പ്രമാണങ്ങളും 20 തൊണ്ടിമുതലുകളും പരിശോധിച്ച
കോടതി 65 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ നിന്നും കൊലപാതകം ബലാത്സംഗം ഭവനഭേദനം
എന്നീ കുറ്റങ്ങള്‍ പ്രതി നടത്തിയതായി കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ മോഷണം, അതിക്രമിച്ച്  കടക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. 2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് പാലാ കര്‍മ്മലീത്ത കോണ്‍വെന്റിലെ മൂന്നാം നിലയില്‍  തലക്കടിയേറ്റ് മരിച്ച നിലയില്‍ സിറ്റര്‍ അമലയെ കണ്ടെത്തിയത്. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍  നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോഡ് സ്വദേശിയായ സതീഷ് ബാബുവാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയത്. സംഭവം നടന്ന അഞ്ചുദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പൈക മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതുള്‍പ്പടെ 21 ഓളം കേസാണ് ഇയാള്‍ക്കെതിരെയുള്ളത്.