അലോക് വർമ്മ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും

Sunday, November 11, 2018

അലോക് വർമ്മ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. അലോക് വർമ്മ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞതോടെ അദേഹത്തിന് അനുകൂലമായി കേന്ദ്ര വിജിലൻസ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയതായി സൂചന. വിജിലൻസ് റിപ്പോർട്ട് നാളെ സുപ്രീം കോടതി പരിഗണിക്കും.

അലോക് വര്‍മ്മ കേന്ദ്ര വിജിലന്‍സ് കമ്മീഷ്ണര്‍ കെ ബി ചൗധരിയെ സന്ദര്‍ശിച്ച് തനിക്കെതിരെ ഡപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ചിരുന്നു. കമ്മീഷൻ ആസ്ഥാനത്ത് എത്തിയ വര്‍മ്മ രണ്ടു മണിക്കൂറാണ് സംഭാഷണത്തിലേര്‍പ്പെട്ടത്. സിബിഐ തലപ്പത്ത് അന്യോന്യം ഉണ്ടായ അഴിമതി ആരോപണങ്ങളെ കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനോട് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ 26 ന് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് നാളെ കോടതി പരിഗണിക്കും. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയും സിവിസിയെ സന്ദര്‍ശിച്ചിരുന്നു. സിവിസി ഇതിനകം ആരോപണങ്ങള്‍ക്കു വിധേയമായ നിരവധി രേഖകള്‍ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കാലിക്കടത്ത് കേസുമായി ബന്ധപ്പെട്ട് സീനിയര്‍ അതിര്‍ത്തി സുരക്ഷാസേന ഉദ്യോഗസ്ഥനെ കേരളത്തില്‍ വച്ച് നോട്ടുകെട്ടുകളുമായി പിടികൂടിയതിന്റെ റെക്കോര്‍ഡും പരിശോധിച്ചു. മൊയീന്‍ ഖുറേഷി അഴിമതി കേസ്, മുന്‍ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട ഐആര്‍സിടിസി തട്ടിപ്പ് എന്നിവയുടെ രേഖകളും വിജിലൻസ് കമ്മീഷൻ പരിശോധിച്ചു. ശേഷമാണ് അലോക് വർമ്മയെ അനുകൂലിച്ചുള്ള ക്ലീൻ ചിറ്റ് തയ്യാറാക്കിയിരിക്കുന്നത്.