സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാബെഞ്ച്

Jaihind Webdesk
Saturday, September 1, 2018

ന്യൂഡല്‍ഹി: രാജ്യചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതിയിൽ ഇനി വനിതാ ബെഞ്ച്. ജസ്റ്റിസ് ആർ ഭാനുമതിയും ജസ്റ്റിസ് ഇന്ദിരാ ബാനർജിയും അടങ്ങുന്നതാണ് പുതിയ ബെഞ്ച്.

ജസ്റ്റിസ് ഇന്ദിരാ ബാനർജി സുപ്രീം കോടതി ജഡ്ജി ആകും എന്ന് വാർത്ത വന്നതു മുതൽ ജസ്റ്റിസ് ആർ ഭാനുമതിയും ജസ്റ്റിസ് ഇന്ദിര ബാനർജിയും അടങ്ങുന്ന ഒരു വനിത ബെഞ്ച് ഉണ്ടാകുമോ എന്ന ചോദ്യം ഉയർന്നിരുന്നു. അങ്ങനെ ഒരു റെഗുലർ വനിതാ ബെഞ്ച് രൂപീകരിച്ച് ജസ്റ്റിസ് ദീപക് മിശ്ര ചരിത്രം തിരുത്തി  കുറിക്കുമോ എന്നായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്.  ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ആ ചരിത്രവും ജസ്റ്റിസ് ദീപക് മിശ്ര തിരുത്തി കുറിക്കുകയാണ്.

സെപ്തംബർ 5, 6 തീയതികളിൽ സുപ്രീം കോടതിയിലെ 12 നമ്പർ കോടതിയിൽ ജസ്റ്റിസ്മാരായ ആർ ഭാനുമതിയും, ഇന്ദിരാ ബാനർജിയും അടങ്ങുന്ന ബെഞ്ച് ആണ് കേസുകൾ പരിഗണിക്കുക.
ഒരുതവണ സുപ്രീം കോടതിയിൽ ഒരു ആക്‌സിഡന്റൽ വനിതാ ബെഞ്ച്  ഉണ്ടായിട്ടുണ്ട്.  2013 ൽ ജസ്റ്റിസ് അഫ്‌താബ്‌ ആലം പ്രെസൈഡ് ചെയ്തിരുന്ന ബെഞ്ചിൽ ജസ്റ്റിസ് ഗ്യാൻസുധ മിശ്രയും ജസ്റ്റിസ് രഞ്ജന ദേശായിയും അംഗം ആയിരുന്നു.

കുറച്ച് ദിവസം ജസ്റ്റിസ് അഫ്‌താബ്‌ ആലം അവധിയിൽ ആയിരുന്നപ്പോൾ ജസ്റ്റിസ് ഗ്യാൻസുധ മിശ്ര പ്രെസൈഡ് ചെയ്ത ബെഞ്ചിൽ ജസ്റ്റിസ് രഞ്ജന ദേശായി അംഗം ആയിരുന്നു. പക്ഷേ കാര്യമായ കേസുകൾ ആ ബെഞ്ച് പരിഗണിച്ചിരുന്നില്ല . അതിനാല്‍ അതിനെ ഒരു സ്ഥിരം സംവിധാനം എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ജസ്റ്റിസ് ആർ ഭാനുമതിയും ജസ്റ്റിസ് ഇന്ദിര ബാനർജിയും അടങ്ങുന്ന ബെഞ്ച് ആണ് ആദ്യ റെഗുലർ വനിതാ ബെഞ്ച് എന്ന് പറയേണ്ടി വരും. ഇനി അറിയേണ്ടത് Yes, your ladyships എന്ന അഭിസംബോധന കോടതിയിൽ ഉണ്ടാകുമോ എന്നതാണ്.