ജീവനക്കാര്‍ കൂട്ടത്തോടെ ഇടത് സമ്മേളനത്തിന് പോയി; കാലിയായി ബ്ലോക്ക് ഓഫീസ്; പൊതുജനങ്ങള്‍ വലഞ്ഞു

Jaihind Webdesk
Friday, January 25, 2019

മട്ടാഞ്ചേരി: ജീവനക്കാര്‍ കൂട്ടത്തോടെ ഭരണകക്ഷി സംഘടനയായ എന്‍.ജി.ഒ യൂണിയന്റെ കൊച്ചി ഏരിയാ സമ്മേളനത്തിന് പോകാന്‍ അവധിയെടുത്തതോടെ കാലിയായി ബ്ലോക്ക് ഓഫീസ്.  ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ വലഞ്ഞു. ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ കാലിയായ സീറ്റ് കണ്ട് തിരികെ പോകേണ്ടിവന്നു. ഓഫീസ് അവധിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ജീവനക്കാര്‍ കൂട്ടമായി സമ്മേളനത്തിന് പോയതാണെന്ന് അറിഞ്ഞതോടെ അത്യാവശ്യങ്ങള്‍ കാര്യങ്ങള്‍ പോലും നടത്താനാവാതെ ജനങ്ങള്‍ തിരികെ പോകുകയായിരുന്നു. ആകെ മൂന്ന് ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. മട്ടാഞ്ചേരി ഷാദി മഹലിലാണ് യൂണിയന്റെ ഏരിയ സമ്മേളനം നടന്നത്. മറ്റ് ഓഫീസുകളില്‍ നിന്നും ജീവനക്കാര്‍ പോയെങ്കിലും ബ്ലോക്ക് ഓഫീസില്‍ നിന്ന് കൂട്ടത്തോടെ പോയതാണ് പ്രവര്‍ത്തനം അവതാളത്തിലാക്കിയത്.