വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയും വൈകരുതെന്ന് എ.കെ ആന്‍റണി; പ്രത്യേക അഭിമുഖം ഇന്ന് രാത്രി ഒന്‍പതിന് ജയ്ഹിന്ദ് ടി വിയില്‍

Jaihind News Bureau
Friday, May 1, 2020

 

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയും വൈകരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്‍റണി. ഈ ഘട്ടത്തില്‍ പ്രവാസികളെ സഹായിച്ചില്ലെങ്കില്‍ അവരോട് കാണിക്കുന്ന നന്ദികോടായിരിക്കും അതെന്നും എ.കെ.ആന്‍റണി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. എ.കെ ആന്‍റണിയുമായുളള പ്രത്യേക അഭിമുഖം ഇന്ന് രാത്രി ഒന്‍പത് മണിക്ക് ജയ്ഹിന്ദ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യും.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ ആഹാരം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് എ.കെ.ആന്‍റണി ചൂണ്ടിക്കാട്ടി. പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇത് വരെയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ ഇനിയും കാലതാമസം ഉണ്ടാകാന്‍ പാടില്ല. പ്രവാസികളുടെ പണം വേണം, എന്നാല്‍ അവരെ വേണ്ട എന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പരിശോധനകള്‍ അടിയന്തരമായി വര്‍ധിപ്പിക്കണം. അല്ലെങ്കില്‍ കൊവിഡ് പ്രതിരോധത്തെ അത് സാരമായി ബാധിക്കുമെന്നും എ.കെ.ആന്‍റണി അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത സാഹചര്യമാണ് രാജ്യം നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകും. ജനങ്ങള്‍ മാത്രമല്ല കേന്ദ്ര, സംസഥാന സര്‍ക്കാരുകളും മുണ്ടുമുറുക്കി ഉടുക്കണമെന്നും എ.കെ ആന്‍റണി അഭിപ്രായപ്പെട്ടു.