‘പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും ആവേശവും ഉണര്‍വും നല്‍കാന്‍ സുധാകരന് കഴിയും’ ; സ്വാഗതം ചെയ്ത് എ.കെ ആന്‍റണി

Jaihind Webdesk
Tuesday, June 8, 2021

കെ സുധാകരനെ കെപിസിസി പ്രസിഡന്‍റായി നിമയിച്ച  ഹൈക്കമാന്‍ഡ് തീരുമാനത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. കേരളത്തിലെ തുടര്‍ഭരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അണികളിലും അനുഭാവികളിലും ഉണ്ടായ നിരാശ മാറ്റി പുതിയ ഉണര്‍വ് പകരാന്‍ കെ സുധാകരന്‍റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി നേതൃത്വത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘അണികളിലും അനുഭാവികളിലും യു.ഡി.എഫ് പ്രവര്‍ത്തകരിലും പുതിയ ഉണര്‍വും ആവേശവും ആത്മവിശ്വാസവും നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ കഴിവുകളും കെ.പി.സി.സി പ്രസിഡന്‍റിനും അദ്ദേഹത്തിന്‍റെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു’ – ആന്‍റണി പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി നിയമിക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി സിദ്ദിഖ് എന്നിവര്‍ക്ക് എ.കെ ആന്‍റണി ആശംസകള്‍ നേര്‍ന്നു.