അരുണാചലിൽ വ്യോമസേന വിമാനം തകർന്ന് മരിച്ച 13 ഉദ്യോഗസ്ഥരുടേയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വ്യോമസേന തുടങ്ങി. സംഭവം അന്വേഷിക്കാൻ വ്യോമസേനയുടെ ഉത്തരവ് . 3 മലയാളികൾ ഉൾപ്പെടെ 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ജൂൺ 3 ന് അരുണാചലിലെ മച്ചാക്കുവിലേക്കുള്ള യാത്രാ മധ്യേയാണ് എഎൻ 32 വിമാനം കാണാതായത്.കാണാതായി 8 ദിവസത്തിനു ശേഷമാണ് ചൈന അതിർത്തിയിൽ നിന്ന് 16 കിലോമീറ്റർ വടക്ക് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ 10 ദിവസത്തിന് ശേഷമാണ് സൈനികരുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി. 3 മലയാളി സൈനികർ ഉൾപ്പെടെ 13 പേരുടെയും മൃതദേഹം ഇന്നലെ കണ്ടെത്തി.
കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി എൻ.കെ ഷെരിന്‍, കൊല്ലം സ്വദേശി അനൂപ് കുമാർ, തൃശൂർ സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളി സൈനികർ. മരിച്ചസൈനികരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയതായി വ്യോമസേന അറിയിച്ചു. ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുംഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.