അഭിനന്ദന് സോഷ്യല്‍ മീഡിയ അക്കൗണ്ടില്ല; വ്യാജ അക്കൗണ്ടുകള്‍ ഫോളോ ചെയ്യരുതെന്ന് ഇന്ത്യന്‍ വ്യോമസേന

Jaihind Webdesk
Thursday, March 7, 2019

Abhinandan-Varthaman

പാകിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് സമൂഹമാധ്യമ അക്കൗണ്ടുകൾ ഇല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ വ്യോമസേന.അഭിനന്ദന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് വ്യോമസേന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഇത്തരം വ്യാജ അക്കൗണ്ടുകള്‍ പിന്തുടരരുതെന്നും വ്യോമസേന അറിയിച്ചു. അഭിനന്ദന്‍റെ പേരിൽ വിവിധ സമൂഹമാധ്യങ്ങളിൽ ഉള്ള അക്കൗണ്ടുകളുടെ വിവരങ്ങളും വ്യോമസേന പരസ്യപ്പെടുത്തി.

അതിര്‍ത്തി ലംഘിച്ച പാക് വിമാനത്തെ തുരത്തുന്നതിനിടെയാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍റെ വിമാനം തകര്‍ന്നത്. തകരുന്നതിന് മുമ്പ് വിമാനത്തില്‍ നിന്ന് സ്വയം പുറത്തേക്ക് തെറിച്ച അഭിനന്ദന്‍ പാകിസ്ഥാന്‍റെ പിടിയില്‍ അകപ്പെടുകയായിരുന്നു. പിന്നീട് 60 മണിക്കൂറുകള്‍ക്ക് ശേഷം അഭിനന്ദനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.