അരുണാചലില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇ.വി.എമ്മുകള്‍ തട്ടിക്കൊണ്ടുപോയി ; പിന്നില്‍ ബി.ജെ.പി സഖ്യകക്ഷി

Jaihind Webdesk
Tuesday, May 21, 2019
evm
അരുണാചല്‍പ്രദേശിലെ കുറുംഗ് കുമെ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇ.വി.എമ്മുകള്‍ തട്ടിക്കൊണ്ടു പോയി. ബി.ജെ.പി സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചതായി അരുണാചല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റീപോളിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോവുന്നതിനിടെയായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇ.വി.എമ്മുകള്‍ തട്ടിക്കൊണ്ടുപോയത്. അഞ്ഞൂറോളം പേര്‍ അക്രമിസംഘത്തിലുണ്ടായിരുന്നെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊലോറിയാംഗ് ലോക്സഭാ മണ്ഡലത്തിലെ നാംപെ പോളിംഗ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് റീപോളിംഗ് നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് നാംപെ മജിസ്‌ട്രേറ്റ് റിഡോ താരക് പറയുന്നു. ബി.ജെ.പി സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. 60 അംഗ നിയമസഭയില്‍ 16 സീറ്റുകളുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. എ.കെ – 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍  ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി തവണ വെടിയുതിര്‍ത്ത അക്രമി സംഘം ഇ.വി.എമ്മുകള്‍ തട്ടിയെടുക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് സംഘത്തെ പൂര്‍ണമായും വളഞ്ഞ അക്രമികള്‍ വെടിയുതിര്‍ത്തിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. അക്രമികള്‍ എണ്ണത്തില്‍ കൂടുതലുണ്ടായതിനാലും ഇരുഭാഗത്തും ആള്‍നാശമുണ്ടാകുമെന്നതിനാലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യാക്രമണത്തിന് മുതിര്‍ന്നില്ല.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയതായി കുറുംഗ് കുമെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുമെന്നും മറ്റൊരു സംഘത്തെ നാംപെയിലേക്ക് അയച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ ഇവിടെ അട്ടിമറി നടന്നതിനെ തുടര്‍ന്നാണ്  റീപോളിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. ക്രാ ദാദി ജില്ലയിലെ തളിയിലും റീപോളിംഗ് നടക്കുന്നുണ്ട്.

teevandi enkile ennodu para