വിങ് കമാന്റര്‍ അഭിനന്ദന്റെ പേരില്‍ ബി.ജെ.പിയുടെ വ്യാജ പ്രചാരണം

Jaihind Webdesk
Saturday, March 2, 2019

ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കിയ പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് ബി.ജെ.പിയുടെ വ്യാജ പ്രചരണം. പാക് തടവില്‍ നിന്നും അഭിനന്ദന്‍ വര്‍ധമാന്‍ മോചിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിനാണ് ഈ അക്കൗണ്ട് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ വ്യാജപേജാണിതെന്നത് വ്യക്തമാണ്.

27ന് പാക് ഇന്ത്യക്കുനേരെയുണ്ടായ പൈക് സൈനിക നടപടിയും അതിനെത്തുടര്‍ന്നുണ്ടായ ഇന്ത്യയുടെ തിരിച്ചടിക്കും ശേഷമാണ് ഇത്തരം അക്കൗണ്ടുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളാണ് ഇതിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.  മോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ‘അഭിമാനം തോന്നുന്നു’ എന്നു ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. മോദിയ്ക്ക് അഭിനന്ദന്‍ നന്ദി പറഞ്ഞുവെന്ന തരത്തില്‍ ബി.ജെ.പി വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ഇന്ത്യ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവരുടെ ട്വീറ്റുകളാണ് പ്രധാനമായും ഈ അക്കൗണ്ടുവഴി റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ നിലവില്‍ ഉണ്ടായിരിക്കുന്ന സംഘര്‍ഷങ്ങളെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നിരുന്നു. അതിര്‍ത്തി പുകയുന്ന വേളയിലും, ഒരു ഇന്ത്യന്‍ പൈലറ്റ് പാക് പിടിയിലായ വേളയിലും ബി.ജെ.പി അവരുടെ തെരഞ്ഞെടുപ്പു പരിപാടികളൊന്നും മാറ്റിവെച്ചിരുന്നില്ല.