അരുണാചൽ പ്രദേശിൽ എംഎൽഎയും മകനുമടക്കം 11 പേരെ വെടിവച്ചുകൊന്നു

Jaihind Webdesk
Wednesday, May 22, 2019

അരുണാചൽ പ്രദേശിൽ എംഎൽഎയും മകനുമടക്കം 11 പേരെ വെടിവച്ചുകൊന്നു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ടിരാപ് ജില്ലയിലെ ബോഗപാനിയിലാണ് ഐഎം ഭീകരവാദികൾ ആക്രമണം നടത്തിയത്

കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎയായ ടിരോങ് അബോയാണ് കൊല്ലപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഖോൻസ വെസ്റ്റ് മണ്ഡലം സ്ഥാനാർഥി കൂടിയാണ് അബോ.നിലവിൽ ഇതേ മണ്ഡലത്തിലെ എംഎൽഎ ആണ് അദ്ദേഹം. അസമിൽ നിന്നു വാഹനവ്യൂഹവുമായി തിരികെവരുന്ന വഴിയായിരുന്നു അബോയ്ക്കു നേരെ ആക്രമണം. മൂന്നു കാറുകളായിരുന്നു അദ്ദേഹത്തിന് അകമ്പടി ഉണ്ടായിരുന്നത്. അതിലൊരു കാർ ഓടിച്ചിരുന്നത് അബോയുടെ മകനാണെന്നാണ് വിവരം. കാറുകൾ തടഞ്ഞുനിർത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
പ്രദേശത്ത് അസം റൈഫിൾസ് തിരച്ചിൽ ഊർജിതമാക്കി. അരുണാചൽ മുഖ്യമന്ത്രി പെമാ ഖണ്ഡു ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. അബോയ്ക്ക് മുൻപും വധഭീഷണി ലഭിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു