അടിമുടി സംഘടനയെ ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടും രാജ്യത്തെ വിഭജിക്കുവാനുള്ള ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെ ദിനങ്ങള്‍ കുറിച്ചുമാണ് എഐസിസി സമ്മേളനം ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടരുന്നത്. ഇന്ന് സബര്‍മതി നദീതീരത്തെ ചരിത്രഭൂമിയില്‍ എഐസിസിയുടെ സമ്പൂര്‍ണ്ണ സമ്മേളനം ചേരും.
1725 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. പാര്‍ട്ടിയെ നവീകരിക്കുവാനുള്ള സുപ്രധാനമായ തീരുമാനങ്ങള്‍ക്കൊപ്പം ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെയുള്ള ശക്തമായ പ്രമേയങ്ങളും ഇന്ന് സമ്മേളനം അംഗീകരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമ്മേളന വേദിയില്‍ എത്തി പതാക ഉയര്‍ത്തുന്നതോടു കൂടിയാണ് പരിപാടികള്‍ ആരംഭിക്കുക.
64 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചരിത്രമുറങ്ങുന്ന മണ്ണായ അഹമദാബാദില്‍ എഐസിസി സമ്മേളനം നടത്തുന്നത്. സംഘടന തലത്തിലുള്ള അഴിച്ചു പണിയും ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുമുള്ള പോരാട്ടത്തിനും സമ്മേളനം വേദിയാകും. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ ഈ ചരിത്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.