”അഹ്ലന്‍ രാഹുല്‍ജി”: യുഎഇയില്‍ ആവേശമായി ബസ് പ്രചാരണ യാത്ര

B.S. Shiju
Monday, January 7, 2019

ദുബായ് : രാഹുല്‍ഗാന്ധിയുടെ യു എ ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി, അഹ്ലന്‍ രാഹുല്‍ജി എന്ന പേരില്‍, പ്രചാരണ ബസ് യാത്ര സംഘടിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ചിത്രം സഹിതമുളള ടീ ഷര്‍ട്ടുകളുമായി, യുഎഇയുടെ വിവിധ എമിറേറ്റുകളിലൂടെ സഞ്ചരിച്ച ബസ് യാത്ര, രാഷ്ട്രീയ ചര്‍ച്ചകളും സംവാദങ്ങളുമായി വന്‍ ആവേശമായി മാറി.

ഇത് കടല്‍ കടന്ന് എത്തിയ മറ്റൊരു ആവേശ കാഴ്ചയാണ്. ടീ ഷര്‍ട്ടില്‍ മാത്രമല്ല, രാഹുല്‍ ഗാന്ധിയെ നെഞ്ചോട് ചേര്‍ത്തുവെച്ച, ഒരുകൂട്ടം യുവാക്കളുടെ വ്യത്യസ്തമായ പ്രചാരണമാണിത്. അഹ്ലന്‍ രാഹുല്‍ജി എന്ന പേരില്‍, യുഎഇയിലെ വിവിധ നഗരങ്ങളിലൂടെ ഈ പ്രചാരണ ബസ് യാത്ര കടന്ന് പോയി. മതേതര ഇന്ത്യയുടെ പ്രതീക്ഷയായ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു എ ഇ പര്യടനത്തിന്റെ പ്രചാരത്തിന്റെ ഭാഗമായിരുന്നു ഈ യാത്ര. കാസറഗോഡ് ജില്ലയില്‍ നിന്നുള്ള കെ എം സീ സീ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ, ഇതിന് ചുക്കാന്‍ പിടിച്ചു. കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എ യുമായ ഷാഫി പറമ്പില്‍, യാത്ര, ഫ്‌ളാഗ് ഓഫ് ചെയ്തു.

രാഷ്ട്രീയ ചര്‍ച്ചകളും സംവാദങ്ങളുമായി ബസ് യാത്ര വന്‍ ആവേശമായി. ജനുവരി 11, 12 തിയതികളിലെ രാഹുല്‍ ഗാന്ധിയുടെ യു എ ഇ പര്യടനം, വിജയിപ്പിക്കുന്നതിന് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്നും യാത്ര കോര്‍ഡിനേറ്റര്‍ ഷബീര്‍ കീഴൂര്‍ പറഞ്ഞു. ഇപ്രകാരം, പ്രവാസി സമൂഹത്തെ നേരില്‍ കണ്ട് , രാഹുല്‍ ഗാന്ധിയുടെ യു എ ഇ സന്ദര്‍ശനത്തിന്റെ പ്രചാരണം, താഴെ തട്ടിലേക്ക് എത്തിയ്ക്കാനും യാത്ര വഴി സാധിച്ചു.