കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും മന്ത്രിമാരുടെ വിദേശയാത്ര പൊടിപൊടിക്കുന്നു; മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി ചിഞ്ചുറാണിയും വിദേശത്തേക്ക്

Jaihind Webdesk
Saturday, April 30, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും ധൂര്‍ത്തിന് കുറവ് വരുത്താതെ സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം  ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടെ ഖജനാവിലെ പണം ഉപയോഗിച്ച് മറ്റൊരു മന്ത്രി കൂടി വിദേശ പര്യടനത്തിനൊരുങ്ങുകയാണ്. മുഖ്യമന്ത്രിക്ക് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് യുഎഇ സന്ദര്‍ശനത്തിനൊരുങ്ങുന്നത്.

ലോക മലയാളി കൗണ്‍സിലിന്‍റെ ‘കുടുംബ സംഗമം 2022’ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മൃഗസംരക്ഷണവകുപ്പ് മന്ത്രി ചിഞ്ചു റാണി യുഎഇയിലേക്ക് പോകുന്നത്. മന്ത്രിയുടെ യാത്രയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. മെയ് 6 മുതല്‍ 8 വരെയാണ് കുടുംബസംഗമം. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പില്‍ നിന്ന് ഉത്തരവിറങ്ങി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടെയാണ് മന്ത്രിയുടെ യാത്ര.   25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഒരു ബില്ലും ട്രഷറിയില്‍ നിന്ന് മാറി നല്‍കുന്നില്ല. അതിനിടെ സ്വകാര്യ പരിപാടിക്കായി സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് മന്ത്രിമാര്‍ നടത്തുന്ന യാത്രകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.