കോഴിക്കോട്: എലിപ്പനിയുടെ ആശങ്കയിലാണ് കോഴിക്കോട് ജില്ല. എലിപ്പനി മൂലമുള്ള മരണ സംഖ്യ ദിവസംതോറും കൂടുകയാണ്. പ്രളയത്തിനുശേഷം കഴിഞ്ഞ 10 ദിവസത്തിനിടെ 12 പേരാണ് ജില്ലയിൽ എലിപ്പനി പിടിപെട്ട് മരിച്ചത്.
നിപയിലും പ്രളയത്തിലും അവസാനിക്കുന്നില്ല കോഴിക്കോട്ടെ ദുരിതം. പ്രളയം സൃഷ്ടിച്ച കെടുതികളിൽനിന്നും കരകയറാൻ ഒരുങ്ങുന്ന ജില്ലക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് എലിപ്പനി മരണങ്ങൾ. ഓഗസ്റ്റ് 8ന്‌ശേഷം ജില്ലയിൽ എലിപ്പനിബാധിച്ച് മരിച്ചവരുടെ എണ്ണം 12പിന്നിട്ടതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. തൊണ്ണൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുന്നൂറിലധികം പേർ രോഗലക്ഷണങ്ങളുമായി ചികിത്സതേടിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയവർക്ക് ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്‌തെങ്കിലും പലരും അത് കഴിക്കാൻ തയാറായില്ല. ഈ സാഹചര്യത്തിൽ ക്യാമ്പുകളിൽ നിന്നും മടങ്ങിയവർ വീടും പരിസരവും വൃത്തിയാക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
മലിനജലത്തിൽ ഇറങ്ങുന്നവർ ഡോക്‌സി സൈക്ലിൻ പ്രതിരോധമരുന്ന് കഴിക്കണമെന്ന് നിർദേശമുണ്ടെങ്കിലും എല്ലായിടത്തും ഇത്തരം ഗുളികകൾ ലഭ്യമായില്ലെന്നും പരാതിയുണ്ട്. ജില്ലയിൽ വെള്ളക്കെട്ടുണ്ടായ കക്കോടി കണ്ണാടിക്കൽ പൂനൂർപുഴയുടെ പ്രദേശങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ക്യാമ്പിൽ നിന്നും തിരിച്ചുമടങ്ങിയവർ എല്ലാംതന്നെ വേണ്ടവിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും, നിർദേശങ്ങളും പാലിക്കാതെയാണ് ശുചീകരണം ഉൾപ്പടെ നടത്തിയത്. ഇത്തരം പ്രദേശത്തുള്ളവർക്കാണ് പനി ആദ്യം പിടിപെട്ടതെന്നാണ് ലഭിക്കുന്നവിവരം.
ഗവണ്‍മെന്‍റ് ബീച്ച് ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് എലിപ്പനി ബാധിച്ചവരിൽ അധികവും ചികിത്സ തേടിയിരിക്കുന്നത്.