കോഴിക്കോട്: സംസ്ഥാനം എലിപ്പനി ഭീതിയിൽ. രോഗലക്ഷണങ്ങളോടെ ഇന്ന് സംസ്ഥാനത്ത് ഒൻപത് പേർ മരിച്ചു. അടുത്ത മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
സംസ്ഥാനത്ത് എലിപ്പനിയുമായി ബന്ധപ്പെട്ട സാഹചര്യം ഭീതിജനകമല്ലെന്നും എന്നാൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആരോഗ്യ വകുപ്പിന് കീഴിലെ എല്ലാ ഉദ്യോഗസ്ഥർക്കും കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എലിപ്പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സ്ഥിരീകരിച്ച 9 എലിപ്പനി മരണത്തിൽ 6ഉം കോഴിക്കോട് ജില്ലയിലാണുണ്ടായത്. 195 സംശയാസ്പദ കേസുകളും 84 സ്ഥിരീകരിച്ച കേസുകളുമുണ്ട്. മരണപ്പെട്ട 19 പേരിൽ 13 ഉം സമാന രോഗലക്ഷണങ്ങളോടെയാണ്. ജില്ലയിൽ ഒന്നര ലക്ഷത്തോളം ആളുകൾക്ക് മരുന്നു വിതരണം ചെയ്തിട്ടുണ്ട്. മരുന്നുകളുടെ അഭാവമുണ്ടെങ്കിൽ ഉടൻ തന്നെ പരിഹരിക്കും. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എലിപ്പനി കൂടാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്കും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.