ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ മോദി-അമിത് ഷാ അധികാര കേന്ദ്രത്തിനെതിരെ അസംതൃപ്തിയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെ പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തിയ അദ്വാനിക്ക് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷി പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 75 വയസ്സ് കഴിഞ്ഞവര്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കില്ല എന്ന അമിത്ഷായുടെ പ്രഖ്യാപനം വന്നതോടെ ഇടഞ്ഞ് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനും രംഗത്തെയിട്ടുണ്ട്. അഡ്വാനിക്കും ജോഷിക്കും സീറ്റ് നിഷേധിച്ചതില്‍ ബിജെപിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നുണ്ട്.
ആദ്യം രാജ്യം. പിന്നെ പാര്‍ട്ടി. സ്വന്തം താല്പര്യം അവസാനം. ബിജെപിയുടെ ആപ്തവാക്യം ഉയര്‍ത്തിയുള്ള എല്‍.കെ അദ്വാനിയുടെ ഒളിയമ്പ് ബിജെപിക്കകത്തും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പുതിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിട്ടുള്ളത്. ഗാന്ധിനഗറില്‍ സീറ്റ് നിഷേധിക്കപ്പെട്ട് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട അദ്വാനി ബ്ലോഗിലൂടെയാണ് ഒളിയമ്പെയ്തത്. സ്ഥാപകനേതാവിന് സീറ്റ് നിഷേധിച്ചതില്‍ ബിജെപിക്ക് അകത്തുതന്നെ ഒരു വിഭാഗത്തിന് നീരസമുണ്ട്.
സ്വന്തം മണ്ഡലമായ ഇന്‍ഡോറില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ അതൃപ്തിയുമായി ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്. മല്‍സരിക്കാനില്ലെന്ന് സുമിത്ര മഹാജന് വ്യക്തമാക്കി. അടുത്തമാസം 76 വയസാകും, 75 കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന തീരുമാനവുമുണ്ട് ബി.ജെ.പിയില്‍. ഇതോടെയാണ് മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് അമിത്ഷാ മോദി ബെല്റ്റിലുള്ളവര്ക്ക് മാത്രം സീറ്റ് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയില്‍ കൂടുതല്‍ നേതാക്കള്‍ കലാപത്തിന് കോപ്പുകൂട്ടുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.