സംസ്ഥാനത്ത് പൂര്‍ണ ഭരണസ്തംഭനമെന്ന് എം.എം ഹസന്‍

Jaihind Webdesk
Saturday, September 15, 2018

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസ്ഥാനത്ത് പൂർണ ഭരണസ്തംഭനമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. ഉദ്യാഗസ്ഥരെ തോക്കിൻമുനയിൽ നിർത്തി സർക്കാർ പണപ്പിരിവ് നടത്തുന്നതായും എം.എം ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.

മന്ത്രിസഭായോഗം ചേരാൻ കഴിയാത്ത അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് എം. എം. ഹസൻ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ ഭരണമില്ല. ഉളളത് ധനസമാഹരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഉദ്യാഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുളള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണം. ജീവനക്കാർക്കിടയിൽ ഭിന്നത ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എം.എം ഹസൻ പറഞ്ഞു.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ എസ്.എഫ്.ഐയും പോലീസും സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. പോലീസിന്റ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്ന സാഹചര്യം പോലും ഉണ്ടായതായും അദ്ദേഹം പറഞ്ഞു.