ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകി. ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തഗി ഹാജരാകും.

നടി ആക്രമിക്കപ്പെട്ട സമയത്ത് പകർത്തിയ മൊബെൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും കേസിലെ മറ്റ് തെളിവുകും നൽകണമെന്നതാണ് ദിലീപിന്‍റെ ആവശ്യം. കേസിലെ പ്രതിയെന്ന നിലയിൽ തെളിവുകളുടെ പകർപ്പ് ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്ന് ദീലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും തന്നെ കുടുക്കാൻ പോലീസ് ബോധപൂർവം ശ്രമിച്ചെന്നും ഹർജിയിൽ പറയുന്നു. ദൃശ്യങ്ങളുടെ പകർപ്പ് ലഭിച്ചാൽ മാത്രമെ ഇക്കാര്യങ്ങൾ തെളിയിക്കാനാകു എന്നാണ് ദിലീപിന്‍റെ വാദം.

ക്രിസ്മസ് അവധിക്ക് പിരിയുന്നതിന് മുമ്പ് ഹർജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നാണ് സൂചന. മുന്‍ അറ്റോര്‍ണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുള്‍ റോഹ്തഗി ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും. ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹര്‍ജികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ദൃശങ്ങളുടെ പകര്‍പ്പ് ഒരു കാരണവശാലും ദിലീപിന് കൈമാറാന്‍ കഴിയില്ല എന്ന നിലപാടാണ് അന്ന് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. ദൃശ്യങ്ങൾ പുറത്ത് നൽകിയാൽ അത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയിൽ കേസ് പരിഗണയ്ക്ക് വരുമ്പോഴും സമാനമായ നിലപാട് തന്നെയാകും പ്രോസിക്യൂഷൻ സ്വീകരിക്കുക.

dileepactress kidnapping case
Comments (0)
Add Comment