നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അബുദാബി ; നാലു ദിവസത്തില്‍ കൂടുതല്‍ താമസിച്ചാല്‍ കൊവിഡ് പിസിആര്‍ ടെസ്റ്റ് വേണം

Jaihind News Bureau
Wednesday, November 4, 2020

അബുദാബി : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി , അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഗവര്‍മെന്റ് കര്‍ശനമാക്കി. ഇതനുസരിച്ച്, നവംബര്‍ 8 ഞായറാഴ്ച മുതല്‍ അബുദാബിയിലേക്ക് നാലു ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ വരുന്ന താമസക്കാരും സന്ദര്‍ശകരും, പ്രവേശിച്ച് നാലാം ദിവസം നിര്‍ബന്ധമായും കൊവിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം. എട്ടു ദിവസമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, എട്ടാം ദിവസം അടുത്ത പിസിആര്‍ പരിശോധന നടത്തണം.

അബുദാബിയില്‍ പ്രവേശിക്കുന്ന ദിവസം ഒന്നാമത്തെ ദിവസമായി കണക്കുകൂട്ടുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനത്തിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ 48 മണിക്കൂര്‍ മുന്‍പ് എടുത്ത പിസിആര്‍ ടെസ്റ്റിന്‍റെയോ ഡിപിഐ ടെസ്റ്റിന്‍റെയോ കൊവിഡ് നെഗറ്റീവ് ഫലം വേണം. അബുദാബി ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.