റഫാൽ ഇടപാട് സംബന്ധിച്ചുള്ള രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. റഫാല്‍ യുദ്ധവിമാനങ്ങളുടെ വില ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മുദ്രവെച്ച കവറിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.
പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയം പാലിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫ്രാൻസുമായി വിമാന വിലയിൽ വിലപേശൽ നടന്നിരുന്നുവെന്ന് സർക്കാർ സമ്മതിക്കുന്നു. ഇടപാടിന്റെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്കും സര്‍ക്കാര്‍ കൈമാറി. കോടതി വിധിയെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറിയത്. റഫാല്‍ വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു കോടതി ഉത്തരവ്. കരാറിലെ പങ്കാളികളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും ഇടപാടിന്റെ നടപടിക്രമങ്ങളും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഹര്‍ജിക്കാര്‍ക്ക് റഫാല്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതെതുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്കാന് കോടതി ആവശ്യപ്പെടുകയായിരുന്നു. ഒൗദ്യോഗിക രഹസ്യത്തില്‍ ഉള്‍പ്പെടുന്നതോ, ഉഭയകക്ഷി സ്വഭാവത്തിലുള്ളവയോ അല്ലാത്ത വിവരങ്ങള്‍ എതിര്‍കക്ഷികള്‍ക്ക് കൈമാറനായിരുന്നു സുപ്രീം കോടതി നിര്‍ദേശം.