അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ കേന്ദ്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല, ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് നോട്ട് നിരോധനത്തിന് സമാനം: അഭിഷേക് മനു സിംഗ്‌വി

Jaihind News Bureau
Friday, May 1, 2020

രാജ്യത്ത്‌ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് 45 ദിവസം പിന്നിടുമ്പോഴും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി  കേന്ദ്ര സർക്കാരിന് വ്യക്തമായ പദ്ധതി ആവിഷ്‌കരിക്കാൻ കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി. ഒരു മുൻ കരുതലും കൈക്കൊള്ളാതെ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതിന് സമാനമായാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണിന് ശേഷം അവശ്യ സാധനങ്ങളുടെ വിലയിൽ ഇരുപത് ശതമാനം വർധനവ് ഉണ്ടായതായും  അഭിഷേക് മനു സിംഗ്‌വി.

രാജ്യത്തെ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കുന്നതിന് പകരം ചില മണ്ടൻ ഉത്തരവുകൾ ഇറക്കുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്തത്. സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി എത്തേണ്ടവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. ബസുകളിൽ ഉൾപ്പെടെ ഇവരെ മടക്കി എത്തിക്കുക എന്നത് തികച്ചും അപ്രയോഗികമാണ്. ലോകത്ത് ഏറ്റവും വലിയ റെയിൽ ശൃംഖല ഉള്ള രാജ്യത്ത്  എന്തു കൊണ്ട് അതിഥി തൊഴിലാളികളുടെ മടക്കത്തിന് പ്രത്യേക ട്രെയിനുകൾ ഒരുക്കുന്നില്ലെന്നും  അദ്ദേഹം ചോദിച്ചു. നിലവിൽ ഭക്ഷണം, താമസം, ചികിത്സ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ അതിഥി തൊഴിലാളികൾ അഭിമുഖീകരിക്കുന്നു. ഇവർക്ക് ഒരു സാമ്പത്തിക സഹായവും കേന്ദ്ര സർക്കാർ നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.