അഭയ കേസ് വിധി ലീഡറുടെ പത്താം ചരമദിനത്തില്‍ വന്നത് കാവ്യനീതി കൂടിയാകുമ്പോള്‍

Jaihind Webdesk
Wednesday, December 23, 2020

 

തിരുവനന്തപുരം : സിസ്റ്റർ അഭയക്കേസിലെ തിരുവനന്തപുരം സിബിഐ കോടതി വിധി മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ പത്താം ചരമദിനത്തില്‍ വന്നുചേരുമ്പോള്‍ അത് അദ്ദേഹത്തോടുള്ള കാവ്യനീതി കൂടിയാകുന്നു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു അഭയ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ധീരമായ നടപടി സ്വീകരിച്ചത്. ഇതിന്‍റെ പേരില്‍ ലീഡർക്കു നേരെ ഒളിയമ്പുകളും ശക്തമായ വിമർശനങ്ങളും പല തലത്തിലും നേരിടേണ്ടിവന്നു. എന്നാല്‍ എല്ലാ എതിർപ്പുകളെയും സധൈര്യം നേരിട്ട് സിബിഐ അന്വേഷണം നടത്തിയാല്‍നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ലീഡർ.

ലീഡറുടെ തീരുമാനം ശരിയായിരുന്നെന്ന് കാലവും ചരിത്രവും തെളിയിച്ചു. ഇന്ന് ലീഡറുടെ പത്താം ചരമദിനത്തില്‍ വന്ന  വിധി അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലികൂടിയാകുന്നു എന്നതാണ് മറ്റൊരു സവിശേഷത. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും എഴുതിതള്ളിയ  കേസില്‍ നന്ദകുമാർ എന്ന സിബിഐ ഓഫീസറുടെ  ജാഗ്രതാപൂർവ്വമായ അന്വേഷണമാണ് പ്രതികളെ ജീവപര്യന്തം ശിക്ഷയിലേക്ക് നയിച്ചത്.

തുടക്കം മുതല്‍ നിയമപോരാട്ടത്തിലൂടെ കേസിനെ മുന്നോട്ടുനയിച്ച പൊതുപ്രവർത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ ഇടപെടലുകലും ശ്രദ്ധേയമായിരുന്നു. ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമായിരുന്നു കേസിനു പിന്നാലെ അദ്ദേഹം അലഞ്ഞത്. ജീവനു പോലും വന്‍ ഭീഷണി നേരിട്ടിരുന്നു. പല വാഗ്ദാനങ്ങളും  ലഭിച്ചെങ്കിലും നീതിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പോരാട്ടം വിജയംവരിച്ചതും ശ്രദ്ധേയമായി.

കേസിലെ മറ്റൊരു സാക്ഷിയായ അടയ്ക്ക രാജുവിനും പ്രലോഭനങ്ങളും മറ്റുപല സ്വാധീനങ്ങളും ഉണ്ടായിട്ടുപോലും സത്യത്തിന്‍റെ പാതയില്‍ നിന്നും ജീവിതത്തില്‍ മോഷണത്തിന്‍റെ പാത സ്വീകരിക്കേണ്ടി വന്ന അടയ്ക്ക രാജു പ്രകടിപ്പിച്ച ദൃഢതയും ധീരതയും കേസിന്‍റെ ചരിത്രം തന്നെ മാറ്റിമറിച്ചു.