24 വർഷങ്ങള്‍ക്ക് മുമ്പ് ബല്ലാരിയില്‍ നിന്ന് തുടങ്ങിയ രാഷ്ട്രീയ യാത്ര; ഇത് വൈകാരിക നിമിഷം: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, May 6, 2023

 

സോണിയാ ഗാന്ധി കർണാടകയിലെ ബല്ലാരിയിലേക്ക് വീണ്ടും എത്തുമ്പോള്‍ അത് കോൺഗ്രസ് കുടുംബത്തിനും സംസ്ഥാനത്തെ ജനങ്ങൾക്കും വൈകാരിക നിമിഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി.  24 വർഷം മുമ്പ് ബല്ലാരിയില്‍ നിന്നാണ് സോണിയാ ഗാന്ധി തന്‍റെ ശോഭനമായ രാഷ്ട്രീയ യാത്ര ആരംഭിച്ചതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, കർണാടകയില്‍ കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബല്ലാരിയില്‍ എത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ രൂക്ഷമായ വിമർശനമാണ് ഉയര്‍ത്തിയത്. കന്നഡ ജനതയുടെ അഭിമാനത്തെ വ്രണപ്പെടുത്തിയതിന് ബിജെപിക്ക് ജനം തിരിച്ചടി നല്‍കുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

കെ.സി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

24 വർഷം മുമ്പ് ശ്രീമതി സോണിയ ഗാന്ധി ബല്ലാരിയിൽ നിന്നാണ് തന്‍റെ ശോഭനമായ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. ഇന്ന് അവർ കർണാടകയിലേക്ക് മടങ്ങിയെത്തുമ്പോൾ അത് കോൺഗ്രസ് കുടുംബത്തിനും സംസ്ഥാനത്തെ ജനങ്ങൾക്കും വൈകാരിക നിമിഷമാണ്. കന്നഡ ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്തതിന് മോദിയും ഷായും മറുപടി പറയേണ്ടിവരുമെന്ന് സോണിയാ ഗാന്ധി ഓർമ്മപ്പെടുത്തി. കർണാടകയിലെ ജനങ്ങൾ നിസഹായരോ ആരുടേയും ആശീർവാദം കാത്തുനില്‍ക്കുന്നവരോ അല്ല. കന്നഡക്കാർ അർപ്പണബോധമുള്ളവരും കഠിനാധ്വാനികളുമാണ്. അവർ ഭയപ്പെടുന്നവരല്ല. സാമൂഹ്യനീതിയിലും സാമുദായിക സൗഹാർദ്ദത്തിലും അധിഷ്ഠിതമായ വികസനം എന്താണെന്ന് മഹാനായ ബസവണ്ണയുടെ നാട്ടിൽ നിന്നുള്ള ജനങ്ങൾ ബിജെപിക്ക് കാണിച്ചുകൊടുക്കും. കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുമ്പോൾ, എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് ഞങ്ങൾ ഉറപ്പ് നല്‍കുന്നു.