ഡബ്ല്യൂസിസി ക്ക് മറുപടിയുമായി താരസംഘടനയായ എഎംഎംഎ

Jaihind Webdesk
Monday, October 15, 2018

ഡബ്ല്യൂസിസി ക്ക് മറുപടിയുമായി താരസംഘടനയായ എഎംഎംഎ. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് സംഘടന എടുത്തിട്ടില്ലെന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് എ.എം.എം.എ നാളിതുവരെയും സ്വീകരിച്ചിട്ടുള്ളതെന്നും സംഘടനക്ക് വേണ്ടി നടൻ ജഗദീഷ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇത്തരം കേസുകളിൽ കുറ്റവാളി എന്ന് കോടതി വിധിക്കുന്നതു വരെ കുറ്റാരോപിതൻ നിരപരാധിയാണ് എന്ന് വാദിക്കുന്നവരുണ്ട്; കുറ്റാരോപിതൻ നിരപരാധിയാണ് എന്ന് കോടതി വിധിക്കുന്നതു വരെ അയാളെ അപരാധിയായിട്ട് കണക്കാക്കണമെന്ന വാദവുമുണ്ട്. ആദ്യത്തെ അഭിപ്രായത്തിന് നിയമത്തിന്റെ പിൻബലവും രണ്ടാമത്തെ അഭിപ്രായത്തിന് ധാർമ്മികതയുടെ അടിത്തറയുമാണ് ഉള്ളതെന്ന് ജഗദീഷ് ചൂണ്ടിക്കാട്ടുന്നു. ദിലീപിനെ പുറത്താക്കാൻ എക്‌സിക്യൂട്ടീവ് കമ്മിററി എടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് കണ്ടെത്തി ആ തീരുമാനം മരവിപ്പിച്ച് ജനറൽ ബോഡിക്ക് വിടാൻ തുടർന്നു കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. പുറത്താക്കാനുള്ള എക്‌സിക്യൂട്ടീവ് കമ്മിററി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറൽ ബോഡി എടുത്തത് .

ഈ വിഷയം അമ്മ കൈകാര്യം ചെയ്ത രീതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി അമ്മ ചർച്ച നടത്തി. അവരുടെ ആവശ്യങ്ങൾ കേട്ട ശേഷം എല്ലാ കാര്യങ്ങളിലും ഒരു ഒത്തുതീർപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ചർച്ചയിൽ പങ്കെടുത്ത രേവതിയും പാർവതിയും പത്മപ്രിയയും തമ്മിൽ ധാരണയായി. അതനുസരിച്ച് ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറൽ ബോഡി റദ്ദാക്കിയത് വിദഗ്ദ്ധ നിയമോപദേശത്തിന് വിടാൻ ഇരുകൂട്ടരും തീരുമാനിച്ചു. അമ്മയ്ക്ക് ലഭിച്ച ഉപദേശം ഒരു ജനറൽ ബോഡി വിളിച്ചു കൂട്ടി തീരുമാനം എടുക്കണം എന്നതായിരുന്നു. എന്നാൽ രേവതിയ്ക്കും പാർവതിയ്ക്കും പത്മപ്രിയയ്ക്കും ലഭിച്ച ഉപദേശം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു തന്നെ തീരുമാനമെടുക്കാം എന്നതായിരുന്നു.

ദിലീപിന്റെ വിഷയത്തിൽ ജനറൽ ബോഡി എടുത്ത തീരുമാനമായതു കൊണ്ട് അത് റദ്ദാക്കാനുള്ള അവകാശവും ജനറൽ ബോഡിക്ക് മാത്രമാണുള്ളത് എന്ന വാദമാണ് അമ്മയുടെ അഡ്വക്കേറ്റ് മുന്നോട്ടു വച്ചത്. അമ്മയിൽ നിന്നും രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളുവെന്ന് പ്രസിഡൻറ് മോഹൻലാൽ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായ തീരുമാനങ്ങൾ മോഹൻലാലിന്റെ മാത്രം തലയിൽ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല.

രേവതിയും പാർവതിയും പത്മപ്രിയയും ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അമ്മയുടെ ശ്രമങ്ങൾക്കിടയിലാണ് ചരിത്രം കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ പ്രളയം കേരളത്തെ ഗ്രസിച്ചത്. പ്രശ്‌ന പരിഹാരത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് അമ്മ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ജഗദീഷ് മറുപടിയിൽ പറയുന്നു. ഡബ്യൂ.സി.സി -എ.എം.എം.എ തർക്കം വരും ദിവസങ്ങളിലും രൂക്ഷമാകും എന്നാണ് സൂചന.

https://www.youtube.com/watch?v=ZqmqMHJTg30