ലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പാരിസിന്‍റെ ജീവനാഡിയായ സെന്‍ നദീ തീരത്ത് നാളെ രാത്രി 7.30ന് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവും.
ലോക കായിക മാമാങ്കത്തിനെ വരവേല്‍ക്കാന്‍ പാരിസ് നഗരം ഒരുങ്ങി കഴിഞ്ഞു. ഒളിമ്പിക്സിന്‍റെ 33-ാം പതിപ്പാണ് വെള്ളിയാഴ്ച്ച മുതല്‍ ഓഗസ്റ്റ് 11വരെ പാരിസില്‍ അരങ്ങേറുന്നത്. ഇത് മൂന്നാം തവണയാണ് പാരിസ് വേനല്‍ക്കാല ഒളിമ്പിക്സിന് വേദിയാകുന്നത്. നൂറുവര്‍ഷത്തിന് ശേഷമെത്തുന്ന കായികമാമാങ്കത്തെ അത്ഭുതകാഴ്ചകളൊരുക്കി ഞെട്ടിക്കാനൊരുങ്ങുകയാണ് പാരിസ് നഗരം. പാരിസും മറ്റ് 16 ഫ്രഞ്ച് നഗരങ്ങളുമാണ് 17 ദിവസങ്ങളിലായി നടക്കുന്ന ഒളിമ്പിക്സ് മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്. 206 ദേശീയ ഒളിമ്പിക്സ് അസോസിയേഷനുകളില്‍ നിന്ന് 10,500 കായിക താരങ്ങള്‍ പാരിസില്‍ മത്സരിക്കാനെത്തും.
32 കായിക വിഭാഗങ്ങളിലായി 329 മെഡല്‍ ഇനങ്ങളാണുള്ളത്. 17 പേരാണ് ഇന്ത്യക്കായി മെഡല്‍ വേട്ടക്കിറങ്ങുന്നത്. പരമ്പരഗത രീതിയില്‍ നിന്നും വ്യത്യസ്ഥമായി സ്റ്റേഡിയത്തിന് പുറത്തുവെച്ചാണ് ഇത്തവണ പാരിസ് ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. സെന്‍ നദിയിലും തീരത്തുമായാണ് നാളെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ആറ് കിലോമീറ്റര്‍ ദൂരം സെന്‍ നദിയിലൂടെ ബോട്ടുകളിലായി കായിക താരങ്ങളെ മാര്‍ച്ച് പാസ്റ്റ് ചെയ്യിപ്പിച്ച് നദിക്കരയിലെ താത്ക്കാലിക വേദിയില്‍ എത്തിക്കും. അവിടെ വെച്ച് ദീപം തെളിയിക്കല്‍ ഉള്‍പ്പെടെയുള്ള ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.
തുടര്‍ന്ന് വിവിധ രാഷ്ട്രതലവന്‍മാരും സുപ്രധാന വ്യക്തികളും പരേഡിനെ അഭിവാദ്യം ചെയ്യും. നൃത്തവും ദൃശ്യാവിഷ്‌കാരങ്ങളുമായി മൂവായിരത്തിലധികം കലാകാരന്‍മാരാണ് സെന്‍ നദിയോരം വര്‍ണാഭമാക്കാന്‍ തയാറെടുത്തിരിക്കുന്നത്. മൂന്നരലക്ഷത്തിലധികം കാണികള്‍ക്ക് ഉദ്ഘാടന ചടങ്ങ് നേരിട്ട് കാണാനാവും. 45,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാരിസില്‍ വിന്യസിച്ചിരിക്കുന്നത്. ലോകാത്ഭുതമായ ഈഫല്‍ ടവറിന് മുന്നില്‍ തയാറാക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് അരങ്ങേറുക. ഇനി കാത്തിരിപ്പാണ്. മെഡലിനായുള്ള വാശിയേറിയ പോരാട്ടങ്ങള്‍ക്കുള്ള കാത്തിരിപ്പ്.