ശക്തിധരന്‍റെ വെളിപ്പെടുത്തലുകളില്‍ അടിയന്തരമായി കേസെടുക്കണം; ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, July 2, 2023

 

കൊച്ചി: ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി ശക്തിധരന്‍റെ വിവാദമായ രണ്ട് വെളിപ്പെടുത്തലുകളിലും അടിയന്തരമായി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സിപിഎം വൃത്തികെട്ട പാർട്ടിയാണെന്ന് ശക്തിധരന്‍റെ വെളിപ്പെടുത്തലിലൂടെ ഒന്നുകൂടി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത ഏകീകൃത സിവിൽ കോഡ് വിഷയം ബിജെപി ചർച്ചയാക്കുന്നത് ഭിന്നിപ്പിന് വേണ്ടിയാണെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.

ജി ശക്തിധരന്‍റെ വെളിപ്പെടുത്തൽ ഏറെ ഗൗരവമേറിയതാണ്. രണ്ട് വെളിപ്പെടുത്തലുകളിലും അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണം. സിപിഎം ഹീനമായ കാര്യങ്ങളാണ് ചെയ്യുന്നതും ചെയ്യാൻ പദ്ധതിയിട്ടതും. ശക്തിധരന്‍റെ വെളിപ്പെടുത്തലിലൂടെ ഇത് ഒന്നുകൂടി വ്യക്തമായെന്നും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

“ശക്തിധരന്‍റെ രണ്ടു വെളിപ്പെടുത്തലുകളിലും അടിയന്തരമായി കേസെടുത്തില്ലെങ്കില്‍ നിയമപരമായി നേരിടും.  വൃത്തികെട്ട പാർട്ടിയാണ് സിപിഎം. ഹീനമായ കാര്യങ്ങളാണ് ചെയ്യുന്നതും ചെയ്യാൻ പദ്ധതിയിട്ടതും. ശക്തിധരന്‍റെ വെളിപ്പെടുത്തലിലൂടെ ഇത് ഒന്നുകൂടി വ്യക്തമായി. മുഖ്യമന്ത്രിയെ പോലും ഹൈജാക്ക് ചെയ്യുന്ന ഒരു സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്” – പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിഷയം ചർച്ച ചെയ്യണം എന്നാണ് കോൺഗ്രസ് പറഞ്ഞത്. ഇതുമായി മുന്നോട്ടു പോയാൽ എന്തു ചെയ്യണമെന്ന് കോൺഗ്രസിനറിയാം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനാകില്ലെന്നും ലോക്സഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

കൈതോലപ്പായയില്‍ കോടികള്‍ കടത്തിയെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ജി ശക്തിധരന്‍ നടത്തിയത്. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിക്കൂട്ടില്‍ നിർത്തുന്ന വെളിപ്പെടുത്തലുകളില്‍ കേസെടുക്കാന്‍ തയാറാകാത്ത സർക്കാർ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.