ലോകസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രയോഗിച്ച ഒളിക്യാമറാ വിവാദം തദ്ധേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പൊടി തട്ടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.കെ രാഘവൻ എം.പി. വില കുറഞ്ഞ രാഷ്ടീയ പകപോക്കലാണ് സി.പി.എം നടത്തുന്നത്. കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകിയതായി വിവരം ലഭിച്ചതായും രാഘവൻ എംപി കോഴിക്കോട് പറഞ്ഞു.
ഏതുതരം അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്ന് എം കെ രാഘവൻ എംപി പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശം മാത്രമായിരുന്നു കേസിന് പിന്നില്‍. തിരഞ്ഞെടുപ്പ് കാലത്ത് മുമ്പില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുവെന്നതാണ് സി പി എമ്മിന്റെ പ്രശ്‌നം. കേസുകാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള കരുത്ത് പ്രസ്ഥാനത്തിനും മുന്നണിക്കുമുണ്ട്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് മറ്റൊരു ഏജന്‍സിയെ വെച്ച് ഈ കേസ് അന്വേഷിപ്പിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും എംപി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പോലീസ് അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കേസ് വിജിലന്‍സിന് കൈമാറി തേജോവധം ചെയ്യാനുള്ള ശ്രമം ജനം തിരിച്ചറിയും. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് ശേഷം എംകെ രാഘവനെതിരെ കേസെടുത്ത് രാഷ്ട്രീയ പ്രതിരോധത്തിനു പോലും അവസരം നല്‍കാതെ പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ജനകീയ കോടതി അതിനെ പുച്ഛിച്ച് തള്ളുകയും ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുകയും ചെയ്തായി ഡോ.മുനീറും കെ പി സി സി വൈസ് പ്രസിഡൻ്റ് അഡ്വ.ടി സിദ്ദിഖും വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.