സൈബർ സ്‌പേസ് വഴി മാധ്യമ പ്രവർത്തകർക്കെതിരായ സിപിഎം സൈബർ വിംഗിന്‍റെ വ്യക്തിഹത്യാ പ്രചാരണത്തിനിടെ പഴയ ‘ചാരക്കേസ്’, പാർട്ടിയെയും പാർട്ടി മുഖപത്രത്തെയും തിരിഞ്ഞുകൊത്തുകയാണ്. ചാരക്കേസിലെ ഇരകളിലൊരാളായ നമ്പിനാരായണനെതിരെ വ്യാജവാർത്തകൾ ചെയ്യാൻ തുടക്കമിട്ടതു സിപിഎം മുഖ പത്രമായ ദേശാഭിമാനിയാണെന്നതിന്‍റെ തെളിവാണ് പുറത്തു വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ഇതുവരെയുള്ള വാദങ്ങളെയെല്ലാം തന്നെ നിഷ്പ്രഭമാക്കുന്നതാണ് പഴയ പത്രത്താളുകൾ. 1994 ഒക്ടോബർ 20 ന് ‘തനിനിറ’ത്തിൽ വന്ന വാർത്ത പിറ്റേന്ന് സിപിഎം മുഖ പത്രമായ ദേശാഭിമാനി ഏറ്റു പിടിക്കുകയായിരുന്നു. നവംബർ 13 ന് മാലി വനിത മറിയം റഷീദ അറസ്റ്റ് ചെയ്യപ്പെട്ടപ്പോളാണ് മറ്റ് പ്രധാന പത്രങ്ങൾ ചാരക്കേസ് വലിയ വാർത്തയാക്കിയത്. എന്നാൽ മാലി വനിതകൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന കഥകളാണ് ദേശാഭിമാനിയിൽ അക്കാലത്ത് നിരന്നത്. നമ്പി നാരായണന്‍ ഉള്‍പ്പെടെ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരെ രാജ്യദ്രോഹികളെന്ന് വിളിച്ച് പേരുവെച്ച വാർത്തകൾ എഴുതിയത് സർക്കാറിന്‍റെ ഇപ്പോഴത്തെ പ്രസ് ഉപദേഷ്ടാക്കളിൽ ഉൾപ്പെടുന്നു എന്നത് ശ്രദ്ദേയമാണ്.
അന്ന് മുഖ്യമന്ത്രിയായിരുന്നതിന്‍റെ പേരിൽ കെ കരുണാകരനെതിരെയും ദേശാഭിമാനി നിരന്തരം എഡിറ്റോറിയലും എഴുതി. ‘ചാരവൃത്തിക്കേസ്: അധ്യായം തുറന്നത് ദേശാഭിമാനി’ എന്ന് അഭിമാനത്തോടെ ഒന്നാം പേജിൽ വാർത്ത നിരത്തി ക്രെഡിറ്റ് സ്വന്തമാക്കാനും അക്കാലത്ത് ദേശാഭിമാനി ശ്രമിച്ചു. പ്രതിപക്ഷം സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നു എന്ന് മുറവിളി കൂട്ടുന്ന ഇതേ പാർട്ടിയുടെ പത്രം മറിയം റഷീദ ഒരു ഫ്‌ളാഷ് ബാക്ക് എന്ന പേരിലാണ് മസാലക്കഥകൾ നിരത്തിയത്.
ശാസ്ത്രജ്ഞർ ആണവ രഹസ്യങ്ങൾ കൈമാറി എന്ന കഥ ഒന്നാം പേജിൽ എഴുതി ഫലിപ്പിക്കാനും പാർട്ടി പത്രം അന്ന് മടിച്ചില്ല. വർഷങ്ങൾക്കിപ്പുറം 25 വർഷത്തിനു ശേഷം ചാരക്കേസിലൂടെ നമ്പി നാരായണനെ വേട്ടയാടിയത് മറ്റ് മാധ്യമങ്ങളാണെന്ന് പാർട്ടി നേതാക്കൾ അണികളെ വിശ്വസിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ ആത്മകഥയായ ‘ഓർമ്മകളുടെ ഭ്രമണപഥ’ത്തിൽ ആദ്യം തന്നെ ദേശാഭിമാനിയെ പരാമർശിക്കുന്നുണ്ട്. ഈ അടുത്ത ദിവസങ്ങളിൽ ദേശാഭിമാനിയുടെ തന്നെ വാർത്താ തലക്കെട്ട് ഇപ്രകാരമാണ്: ‘മാധ്യമ വേട്ടയാടലുകളോട് പൊരുതിയ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം കൈമാറി’ ! യഥാർത്ഥ വേട്ടക്കാരാണ് ഇത്തരമൊരു വാർത്ത കൊടുത്തതെന്നതാണ് വൈരുദ്ധ്യം. ഒപ്പം പാർട്ടി പത്രത്തെ തന്നെ തിരിഞ്ഞു കൊത്തുന്ന തലക്കെട്ട്.
https://youtu.be/KO-qUUDdBfM