കൊച്ചി : തമ്മിലടി മൂലം ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ കഴിയാതെ സംസ്ഥാന നേതൃത്വം ഉഴലുന്നു. എറണാകുളത്ത് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് മൂർഛിച്ചതോടെ സമരപരിപാടികൾക്ക് പോലും ആളെ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ.
സംസ്ഥാനത്തെ 12 ജില്ലകളിൽ പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്ത ബി.ജെ.പി സംസ്ഥാന നേതൃത്വം എറണാകുളത്തെ പാർട്ടിയിലെ തമ്മിലടി എങ്ങനെ പരിഹരിക്കുമെന്നറിയാതെ പ്രഖ്യാപനം നീട്ടികൊണ്ടുപോവുകയാണ്. ദേശീയ നേതൃത്വം നിശ്ചയിച്ച പ്രായപരിധി മറികടന്ന് പുതിയ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെയാണ് ഒരു വിഭാഗം പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലെല്ലാം പ്രായ പരിധി കാരണം സ്ഥാനം നഷ്ടപ്പെട്ട നിരവധി നേതാക്കൾ ഉള്ളപ്പോൾ എറണാകുളത്ത് മാത്രം പ്രായ പരിധി കണക്കിലെടുക്കാതെ ജില്ലാ പ്രസിഡന്റിനെ തീരുമാനിച്ചാൽ അത് പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നുറപ്പാണ്.
സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്റെ തട്ടകമായ എറണാകുളത്ത് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ട് നിരവധി തവണ ചർച്ച നടത്തിയിട്ടും തീരുമാനമാകാതെ പിരിയുകയായിരുന്നു. എന്നാൽ പാർട്ടിയിലെ ഇരു വിഭാഗവും തുടരുന്ന ശീതസമരം ബി.ജെ.പിയുടെ പരിപാടികളെയും ബാധിച്ചിരിക്കുകയാണ്. ഇന്നലെ കരുണ മ്യൂസിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഗീത നിശ നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംവിധായകൻ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് നടത്തിയ മാർച്ചിൽ ചുരുക്കം പ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത മാർച്ചിൽ നിന്നും ജില്ലയിലെ പല പ്രധാന നേതാക്കൾ വിട്ട് നിൽക്കുകയും ചെയ്തു. പ്രവർത്തകരുടെ എണ്ണം കുറഞ്ഞതിനാൽ സംഘാടകർ മാർച്ച് പെട്ടന്ന് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ജില്ലയിലെ ബി.ജെ.പിയിലെ തമ്മിലടി ഇന്നലെ ആലുവയിൽ നടന്ന ആർ.എസ്.എസ് യോഗത്തിലും ചർച്ചയായിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് ജില്ലാ പ്രസിഡന്റിനെ എത്രയും വേഗം പ്രഖ്യാപിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെങ്കിൽ അത് ജില്ലയിലെ സംഘടനക്കുള്ളില്‍ വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.