പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കാൻ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ. വീഡിയോ ഉൾക്കൊള്ളുന്ന സിഡി 20 ദിവസത്തിനകം സൗജന്യമായി അപേക്ഷകന് നൽകാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ആർടിഐ കേരള ഫെഡറേഷൻ പ്രസിഡന്റ് നൽകിയ അപേക്ഷയിലാണ് കമ്മീഷന്റെ നിർദേശം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്ന ബൂത്തുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് അഡ്വ ഡി ബി ബിനു അപേക്ഷ നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2015ലെ നിർദേശ പ്രകാരവും 1961 ലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരവും ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് പിഐഒ അറിയിച്ചു. ഇതിനെതിരെയാണ് വിവരാവകാശ കമ്മീഷണർ വിൻസൻ എം പോൾ ഉത്തരവ് പുറപ്പെടുവിച്ചത്.
ആർടിഐ നിയമത്തിലെ എട്ട്, ഒൻപത് വകുപ്പുകൾ പ്രകാരം മാത്രമേ വിവരം നിഷേധിക്കാൻ പിഐഒയ്ക്ക് അധികാരമുള്ളുവെന്നും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 45 ദിവസംവരെ തെരഞ്ഞെടുപ്പ് ഓഫീസറുടെ പക്കൽ പോളിംഗ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്. ഈ സമയപരിധിക്കകം ചോദിച്ചാൽ മാത്രമേ ദൃശ്യങ്ങൾ നൽകാനാവൂ എന്ന നിലപാടും കമ്മിഷൻ തള്ളി.