കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്ത് 3367 പേർ നിരീക്ഷണത്തിൽ.പൊതു ജനങ്ങൾക്ക് സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കുർ പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം, എല്ലാ ജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ പ്രത്യേക ചികിത്സ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3367 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 3336 പേർ വീടുകളിലും, 31 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളുള്ള 364 സാമ്പിളുകൾ പരിശോധിച്ചതിൽ 337 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് രോഗബാധയ്ക്കെതിരെ ജാഗ്രതാ നിർദ്ദേശം അനുസരിച്ച് ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
വീടുകളിലും ആശുപത്രികളിലും കഴിയുന്ന എല്ലാ വ്യക്തികൾക്കും പ്രചോദന സന്ദേശം എസ്.എം.എസ് ആയി അയച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അധ്യാപകരുടെയും പി.റ്റി.എയുടെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികൾക്കായി പരിശീലനങ്ങൾ നടത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാർക്കും മറ്റ് ഇതര വകുപ്പ് ജീവനക്കാർക്കും വേണ്ട ഇരുപത്തിയെട്ട് പരിശീലന സഹായികൾ വിഡിയോ രൂപത്തിൽ തയ്യാറാക്കി ‘കേരള ഹെൽത്ത് ഓൺലൈൻ ട്രെയിനിംഗ്’ എന്ന ആരോഗ്യവകുപ്പിന്റെ യുട്യൂബ് ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേ സമയം
കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങൾക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിനായി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.