
ഒരു വശത്ത് നുണ പ്രചരണങ്ങളിലൂടെയും മറുവശത്ത് അക്രമത്തിലൂടെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ നേരിടാനാണ് കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ ആരോപിച്ചു. കെ പി സി സി ആഹ്വാനം ചെയ്ത ഭാരത് ബചാവോ സമരപരിപാടികളുടെ ഭാഗമായി മഹിളാ കോൺഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://youtu.be/aYE34Nd24oA
ദേശീയ പൗരത്വ രജിസ്റ്റർ മുസ്ലിം ജനവിഭാഗത്തെ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിക്കും. നിയമങ്ങൾ അനുസരിക്കുക തന്നെ വേണം. എന്നാൽ നിയമങ്ങൾ നീതിക്ക് നിരക്കുന്നതല്ലെങ്കിൽ ലംഘിക്കുമെന്ന് ഉപ്പ് സത്യാഗ്രഹത്തിലൂടെ ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്ഘാടന പ്രസംഗത്തിൽ എം എം ഹസ്സൻ അഭിപ്രായപ്പെട്ടു. പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിലാണ് നരേന്ദ്ര മോദിയും കൂട്ടരും പൗരത്വ ഭേദഗതി നിയമം നിർമ്മിച്ചതെങ്കിൽ കലാലയങ്ങളിലും തെരുവുകളിലും അതിനെ എതിർക്കുന്ന മതേതരത്വത്തിനാണ് ഭുരിപക്ഷമെന്നും അദേഹം അഭിപ്രായപ്പെട്ടു. മഹിളാ കോൺഗ്രസ് പത്തനംതിട ജില്ലാ പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മാ ജോസഫിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സെമിനാറിൽ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു ജോർജ്, അഡ്വ. എ സുരേഷ് കുമാർ വെട്ടുർ ജ്യോതി പ്രസാദ്, രജനീ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.