ബംഗളുരു : ബി.ജെ.പി എം.എല്‍.എയുടെയും സംഘത്തിന്റെയും ഭീഷണിയെ തുടർന്ന് അവധി പ്രഖ്യാപിച്ച് ബംഗളുരുവിലെ സൃഷ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് സയന്‍സ് ആന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. കോളേജിന് പുറത്തെ ചുവരെഴുത്ത് ദേശവിരുദ്ധമെന്ന് ആരോപിച്ചാണ് യെലഹങ്ക ബി.ജെ.പി എം.എല്‍.എ എസ്.ആര് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം കോളേജ് അധികൃതരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് രണ്ട് ദിവസം കോളേജ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ബി.ജെ.പി നേതാക്കളുടെ ഭീഷണിക്ക് കാരണമായത് ‘എല്ലാം ശരിയാണ്’ (Sab Chnaga Si) എന്ന ചുവരെഴുത്താണ് എന്നതാണ് ഏറെ ശ്രദ്ധേയം. ഈ ചുവരെഴുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാജ്യത്തിനും എതിരാണെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. കാവി പൂശി ഈ ചുവരെഴുത്ത് മായ്ക്കുകയും ചെയ്തു. ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തിലെത്തിയ സംഘം കോളേജ് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കരുതെന്ന് വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ ‘എല്ലാം ശരിയാണ്’ എന്ന ചുവരെഴുത്ത് ബി.ജെ.പിക്ക് രാജ്യദ്രോഹമാകുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഒന്നും ശരിയല്ലെന്ന് ബി.ജെ.പിക്ക് ഉറപ്പുള്ളതുകൊണ്ടാണ് അവര്‍ക്ക് ഇത് രാജ്യദ്രോഹമാകുന്നതെന്ന പരിഹാസവും ഉയരുന്നു.
And this is what they were painting over.
A person on the road asked me what does “sab changasi mean?” I said, “everything is alright”. He said, “what’s wrong with that? Why are they taking offence?”
Me: Because they know nothing is alright?! pic.twitter.com/XLuPrbGChF— Naveen Bagalkot 🏳️🌈 (@blnaveen) January 14, 2020
വിദ്യാർത്ഥികള്‍ക്കും മറ്റ് ജീവനക്കാർക്കും ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ തല്ലിത്തകർക്കുമെന്നും എം.എല്‍.എയും സംഘവും ഭീഷണി മുഴക്കി. വേറെ പാര്‍ക്കിംഗ് സ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് വിദ്യാര്‍ത്ഥികളെ സംഘം ഭീഷണിപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണ രീതി ശരിയല്ലെന്നും അതുകൊണ്ടാണ് ദേശവിരുദ്ധമായി സംസാരിക്കുന്നതെന്നുമുള്ള മോശം പരാമർശവും സംഘം നടത്തി. വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യാനും യെഹലങ്ക എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചു.
ബി.ജെ.പി സംഘത്തിന്റെ നടപടിക്കെതിരെ സൃഷ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്തെത്തി. തങ്ങളുടെ വിദ്യാർത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോളേജ് അടച്ചിടാന്‍ നിർബന്ധിതരായിരിക്കുകയാണ്. വർഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ് ഇതെന്നും എന്താണ് ബി.ജെ.പിയുടെ യഥാർത്ഥ പ്രശ്നമെന്നും കോളേജ് പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിക്കുന്നു. ചുവരില്‍ നിരവധി ചിത്രങ്ങളും കലാസൃഷ്ടികളും വര്‍ഷങ്ങളായി പ്രദർശിപ്പിക്കാറുണ്ട്. ഇതില്‍ എന്താണ് ദേശദ്രോഹമെന്നും കോളേജ് ചോദിക്കുന്നു. കുട്ടികളുടെ വസ്ത്രധാരണമാണോ ചുവരെഴുത്താണോ അതോ പാര്‍ക്കിംഗ് ആണോ എന്നത് ബി.ജെ.പി വ്യക്തമാക്കണം. പ്രശ്നം എന്തുതന്നെയായാലും അക്രമത്തിലൂടെയല്ല, ചർച്ചയിലൂടെ പരിഹരിക്കാന്‍ ബി.ജെ.പി നേതൃത്വം തയാറാകണമെന്നും കോളേജ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. ബി.ജെ.പിയുടെ നടപടി സോഷ്യല്‍ മീഡിയയില്‍ പരിഹാസ്യമാകുന്നതനൊപ്പം വ്യാപക പ്രതിഷേധവും ഉയരുന്നു.