ന്യൂഡല്ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങൾ ആളിക്കത്തുമ്പോൾ രാഷ്ട്രീയ തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ റാലി ഇന്ന് രാംലീല മൈതാനിയിൽ നടക്കും. കേന്ദ്രസർക്കാരിനെതിരെ ജനവികാരം ശക്തമായ സാഹചര്യത്തിൽ നടത്തുന്ന റാലിക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതിനിടെയാണ് രാജ്യതലസ്ഥാനത്ത് റാലിയുമായി മോദിയെത്തുന്നത്. പ്രതിഷേധിക്കുന്നവരുടെ വസ്ത്രം നോക്കിയാൽ തിരിച്ചറിയാമെന്ന് മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും പ്രക്ഷോഭങ്ങളെ കുറിച്ചും പ്രധാനമന്ത്രി നടത്തിയ ആകെയുള്ള പ്രതികരണം. രാജ്യത്ത് സമാധാനം തിരിച്ചുകൊണ്ടുവരാൻ ഒരു നടപടിയും സ്വീകരിക്കാതെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള രാഷ്ട്രീയ തന്ത്രം പയറ്റാനാണ് മോദി സമയം കണ്ടെത്തുന്നത് എന്ന ആക്ഷേപം ഉയരുന്നുണ്ട്.
പൗരത്വ നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൻ.ഡി.എ സഖ്യകക്ഷികൾ ബി.ജെ.പിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിൽ കൂടിയാണ് റാലി നടക്കുന്നത്. ജെ.ഡി.യു, ബി.ജെ.ഡി, അസോം ഗണ പരിഷദ് , ശിരോമണി അകാലിദൾ എന്നീ കക്ഷികൾ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ എൽ.ജെ.പിയും രംഗത്തുവന്നിരുന്നു. രാജ്യത്ത് അതൃപ്തി വളർന്നുവരികയാണെന്ന് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ട്വീറ്റ് ചെയ്തു. ഈ അവസ്ഥ ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നൽകി ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്ക്ക് ഡിസംബർ ആറിന് അയച്ച കത്തും ചിരാഗ് പുറത്തുവിട്ടിരുന്നു.
സഖ്യകക്ഷികൾ പോലും പുറംതിരിഞ്ഞു നിൽക്കുമ്പോൾ റാലി നടത്തി ശക്തി കാണിക്കാനുള്ള ബി.ജെ.പി ശ്രമം ഫലം കാണുമോയെന്ന് കണ്ടറിയേണ്ടതാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന റാലിക്ക് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.