ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അവസാനവട്ട ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായി. അവസാനവട്ട പ്രചാരണത്തിൽ കൺസർവേറ്റിവ്, ലേബർ പാർട്ടികൾ തമ്മിൽ വലിയ വ്യത്യാസമില്ലാതെ നിൽക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൺസർവേറ്റിവുകളെ നയിക്കുമ്പോൾ ജെറമി കോർബിന്റെ നേതൃത്വത്തിലാണ് ലേബർ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
650 സീറ്റുകളിലേയ്ക്കാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ആകെയുള്ളതിൽ 533 സീറ്റുകൾ ഇംഗ്ലണ്ടിലും 59 സീറ്റുകൾ സ്കോട്ട്ലണ്ടിലും 40 സീറ്റുകൾ വെയിൽസിലും 18 സീറ്റുകൾ നോർത്തേൺ അയർലണ്ടിലുമാണുള്ളത്. 18 വയസ് പൂർത്തിയായ ബ്രിട്ടീഷ് പൗരന്മാർക്കും കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്കും റിപ്പബ്ലിക് ഓഫ് അയർലൻഡിലെ പൗരന്മാർക്കുമാണ് വോട്ടവകാശമുള്ളത്.
ബ്രെക്സിറ്റിൽ നിർണായകമായതിനാൽ തെരഞ്ഞെടുപ്പിനെ യൂറോപ്പും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ബ്രെക്സിറ്റ് തന്നെയാണ് മുഖ്യവിഷയമെങ്കിലും ആദായ നികുതി, കോർപറേറ്റ് നികുതി, ഹരിത വ്യവസായ വിപ്ലവം, ക്ഷേമപദ്ധതികൾ എന്നിവയും സജീവ ചർച്ചയാണ്.
രണ്ടുവർഷം മുന്പു നടന്ന തെരഞ്ഞെടുപ്പിൽ നഷ്ടമായ ഭൂരിപക്ഷം തിരിച്ചുപിടിക്കാനാണ് ജോൺസൻറെ ശ്രമം. ഭൂരിപക്ഷം ഉറപ്പാക്കിയാൽ മാത്രമേ സുഗമമായി ബ്രെക്സിറ്റ് യാഥാർഥ്യമാക്കാൻ സാധിക്കൂ. ഒന്പതു വർഷത്തിനിടെ ആദ്യമായി അധികാരത്തിലെത്തുകയാണ് കോർബിന്റെയും ലേബർ പാർട്ടിയുടെയും ലക്ഷ്യം. നിലവിലെ സൂചനകളും പ്രവചനങ്ങളും അനുസരിച്ച് കൺസർവേറ്റിവുകൾക്ക് മുൻതൂക്കം ലഭിക്കാനാണ് സാധ്യത. കൺസർവേറ്റിവുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടൻ പുറത്തുപോകുന്നത് ഉറപ്പാക്കും.
ലേബർ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയോ തൂക്കുപാർലമെൻറ് ഉണ്ടാകുകയോ ചെയ്താൽ ബ്രെക്സിറ്റിൽ പുനർവിചിന്തനം ചെയ്ത് രണ്ടാമത് റഫറണ്ടം നടക്കാൻ സാധ്യത ഏറെയാണ്. ഏറെ ആകാംക്ഷയോടെയാണ് യൂറോപ്പും അമേരിക്കയും ബ്രിട്ടനിലെ തെരഞ്ഞെടുപ്പനെ ഉറ്റുനോക്കുന്നത്.