ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാനാകില്ലെന്ന് കോടതി; നടിയെ ആക്രമിച്ചക്കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി

Jaihind News Bureau
Wednesday, December 11, 2019

Dileep-Supreme-Court

നടിയെ ആക്രമിച്ചക്കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി.

ഡിജിറ്റൽ തെളിവുകള്‍ ഒന്നും കൈമാറാനാകില്ല, വേണമെങ്കില്‍ ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണസംഘം കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് വേണമെന്നായിരുന്നു ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതികളുടെയും സാക്ഷികളുടെയും മൊബൈല്‍ഫോണുകള്‍, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ പകര്‍ത്തിയിരുന്ന തെളിവുകളുടെ പകര്‍പ്പുകളാണ് ദിലീപ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ തെളിവുകള്‍ ദിലീപിന് കൈമാറരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവുകള്‍ ദിലീപിന്റെ കൈവശം ലഭിച്ചാല്‍, ഇത് ഇരയുടെ സ്വകാര്യതയെ ബാധിക്കാനിടയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു . കൂടാതെ സാക്ഷികളെയും പ്രതികളെയും ഈ ദൃശ്യങ്ങള്‍ വെച്ച്‌ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ, സ്വാധീനിക്കാനോ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ഈ വാദം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. നേരത്തെ, മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയും തള്ളിയിരുന്നു. ദൃശ്യങ്ങള്‍ ദിലീപിനോ, അഭിഭാഷകനോ പരിശോധിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെയും വിധി.അതേ സമയം ഇന്നും ദിലീപ് കോടതിയിൽ ഹാജരായില്ല. കേസ് പരിഗണിക്കുമ്പോൾ ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ അവധി അറിയിക്കുകയായിരുന്നു.