എസ്.എഫ്.ഐയുടെ കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥികൾക്ക് ക്രൂര മർദനം ; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക് | Video

Jaihind News Bureau
Monday, November 25, 2019

പാറശാല: ധനുവച്ചപുരം ഐ.ടി.ഐയിൽ എസ്.എഫ്.ഐയുടെ കൊടി പിടിച്ച് പ്രകടനത്തിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മർദനം. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ആറോളം വിദ്യാർത്ഥികൾക്ക് മർദനമേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥികളായ ഷാൻ (18), അരവിന്ദ് (18) എന്നിവരെ പാറശാല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആഹാരം കഴിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയാണ് എസ്.എഫ്.ഐ നേതാക്കള്‍ പ്രകടനത്തില്‍ പങ്കെടുക്കാന്‍ വിളിച്ചത്. വിസമ്മതം അറിയിച്ചതോടെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ‘വെട്ടാന്‍ നിർത്തിയിരിക്കുന്ന ഇറച്ചിക്കോഴിയാണ് നീ’ എന്ന് എസ്.എഫ്.ഐ ഭീഷണിപ്പെടുത്തിയതായി മർദനത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്രൂരമായ റാഗിംഗിന് വിദ്യാര്‍ത്ഥികളെ ഇരയാക്കുന്നതായും പരാതിയുണ്ട്. എസ്.എഫ്.ഐയുടെ ഭാഗത്തുനിന്ന് ആക്രമണപരമ്പര ആവർത്തിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ.

https://www.youtube.com/watch?v=siWzy_3n1hg