അവിശുദ്ധ മാർഗത്തിലൂടെ കുതിരക്കച്ചവടം നടത്തി സർക്കാരുണ്ടാക്കിയ ബി.ജെ.പി നാണം കെട്ട് ഇറങ്ങേണ്ടിവരും : കെ.സി വേണുഗോപാല്‍

Jaihind Webdesk
Sunday, November 24, 2019

 

മഹാരാഷ്ട്രയില്‍ അവിശുദ്ധ മാർഗത്തിലൂടെ കുതിരക്കച്ചവടം നടത്തി സർക്കാരുണ്ടാക്കിയ ബി.ജെ.പി ദിവസങ്ങള്‍ക്കുള്ളില്‍ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്ര സർക്കാരിന്‍റെ അധികാരം ദുർവിനിയോഗം ചെയ്തും കീഴ്വഴക്കങ്ങൾ ലംഘിച്ചും ഭരണഘടനാവിരുദ്ധമായിട്ടാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. പദവി പോലും മറന്ന് രാഷ്ട്രപതിയും ഗവര്‍ണറുടെ ഓഫീസും ഈ രാഷ്ട്രീയ നാടകത്തിന് കൂട്ടുനിന്നതായും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇരുട്ടിന്‍റെ മറവില്‍ മോഷണം നടത്തുന്നതുപോലെയായിരുന്നു ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചത്. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് പോരാടുമെന്നും കെ.സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ.സി വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

മഹാരാഷ്ട്രയിൽ അവിശുദ്ധ മാർഗ്ഗത്തിലൂടെ കുതിരകച്ചവടം നടത്തി സർക്കാരുണ്ടാക്കിയ ബി ജെ പി ദിവസങ്ങൾക്കുള്ളിൽ നാണം കെട്ടിറങ്ങിപോകേണ്ടി വരും . അവർ നടത്തിയ കുതിര കച്ചവടത്തിന് ഉടൻ തന്നെ കനത്ത തിരിച്ചടി നേരിടേണ്ടി വരും. അങ്ങേയറ്റം തരം താണ രാഷ്ട്രീയ അധാർമ്മികതയാണ് ബി ജെ പി യുടെ ഭാഗത്തു നിന്നുണ്ടായത്. കേന്ദ്ര സർക്കാരിന്റെ അധികാരം ദുർവിനിയോഗം ചെയ്തും കീഴ് വഴക്കങ്ങൾ ലംഘിച്ചും ഭരണഘടനാവിരുദ്ധമായ അധാർമ്മിക മാർഗ്ഗത്തിലൂടെ മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും സത്യ പ്രതിജ്ഞചെയിച്ച നടപടിക്കെതിരേ നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് പോരാടും. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ ദിവസങ്ങൾക്കുള്ളിൽ ഈ സർക്കാർ നിലം പതിക്കും .രാഷ്ട്രപതിയും ഗവർണറുമടക്കം ഈ രാഷ്ട്രീയ നാടകത്തിനു കുട പിടിക്കാൻ പദവികൾ പോലും മറന്ന് ആർ എസ് എസുകാരുടെ നിലവാരത്തിലേക്ക് തരം താണിറങ്ങി .ആരുമറിയാതെ ഇരുട്ടിന്റെ മറവിൽ മോഷണം നടത്തുന്ന പോലെ അന്തസ്സില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയെ ബി ജെ പി സത്യ പ്രതിജ്ഞ ചെയ്യിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ഫഡ്നാവിസും അജിത് പവാറും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് അസാധാരണ രീതിയിൽ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ക്യാബിനറ്റ് യോഗം ചേരാതെ രാഷ്ട്ര പതിഭരണം പിൻവലിക്കാൻ ശുപാർശ നൽകുകയും വെളുപ്പിന് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവയ്ക്കുകയുമായിരുന്നു . കുതിരകച്ചവടത്തിലൂടെ കൂറുമാറിയ വരെ കൂട്ടുപിടിച്ച് മണിക്കൂറുകൾക്കുള്ളിൽ സർക്കാരുണ്ടാക്കിയ ബി ജെ പി തങ്ങൾക്ക് എത്ര പേരുടെ പിന്തുണയുണ്ടെന്നു പോലും വ്യക്തമാക്കുന്നതിനു മുൻപേ തന്നെ സത്യ പ്രതിജ്ഞയ്ക്ക് ഗവർണർ അവസരം നൽകി. പ്രധാനമന്ത്രിയുൾപ്പെടെ ബി ജെ പി യുടെ മുതിർന്ന നേതാക്കളുടെ വഴി വിട്ട ഇടപെടലാണ് ഇക്കാര്യത്തിലുണ്ടായത്. ഭരണഘടനയേയും ജനാധിപത്യത്തേയും ചവിട്ടിയരച്ച് ബി ജെ പി നടത്തിയ ഈ കുതിരകച്ചവടത്തിനെതിരേ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് പേരാടും.എൻസിപി യിലെ വിരലിലെണ്ണാവുന്ന എം എൽ എമാർ മാത്രമാണ് ബി ജെ പിയുടെ കെണിയിൽ വീണിരിക്കുന്നത്. കോൺഗ്രസിന്റെ എല്ലാ എം എൽ എമാരും പാർട്ടിക്കൊപ്പമുണ്ട്. അവിശുദ്ധ രീതിയിൽ നിലവിൽ വന്ന സർക്കാർ ഉടൻ തന്നെ നിലം പതിക്കും. അതിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി.