പ്രളയവും ഉരുള്‍പൊട്ടലും എല്ലാം തകർത്തെറിഞ്ഞപ്പോഴും പതറാതെ ഉറച്ചുനിന്ന വയനാടന്‍ ജനതയുടെ മനോവീര്യത്തെ പ്രകീര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. പ്രതികൂല സാഹചര്യങ്ങളെ ആത്മധൈര്യത്തോടെയും പ്രത്യാശയോടെയും നേരിട്ട ജനതയുടെ ധൈര്യം ഹൃദയസ്പർശിയാണെന്നും വയനാട് പുനര്‍നിര്‍മിക്കാനുള്ള ദൗത്യം നമുക്ക് തുടരാമെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും പ്രിയപ്പെട്ടവരെയും നഷ്ടമായപ്പോള്‍ പോലും പതറാതെ നില്‍ക്കാന്‍ ഒരു ജനത കാണിച്ച ധൈര്യത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. പുത്തുമലയിലെയും കവളപ്പാറയിലെയും ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍ വയനാട് എം.പി കൂടിയായ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ദുരന്തഭൂമിയിലും തന്നെ ആവേശത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണ് ജനങ്ങള്‍ സ്വീകരിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
“ഏകദേശം 100 ദിവസം മുമ്പ് പുത്തുമലയും കവളപ്പാറയും ഉരുള്‍പൊട്ടലില്‍ തുടച്ചുനീക്കപ്പെട്ടു. ദുരന്തത്തില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ നിരവധിയാണ്. പുത്തുമലയിലും കവളപ്പാറയിലും ജീവന്‍ നഷ്ടമായവരെ ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇനിയും ഏറെദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. ദുരന്തത്തിനിടയിലും വയനാട് ജനത കാണിച്ച ധൈര്യം ഹൃദയസ്പർശിയാണ്. തികഞ്ഞ ആത്മവിശ്വാസവും പ്രത്യാശയുമാണ് ജനങ്ങളില്‍ എനിക്ക് കാണാനായത്. പ്രതികൂല സാഹചര്യങ്ങളിൽ പതറാത്ത പ്രത്യാശയുടെയും ഊർജസ്വലതയുടെയും കഥയാണ് വയനാട് പറഞ്ഞത്. വയനാട് പുനർനിർമ്മിക്കാനുള്ള ദൗത്യം നമുക്ക് തുടരാം…” – രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.